വിഴുപ്പലക്കൽ തുടങ്ങി;പഞ്ചാബിൽ ഏകോപനം ഉണ്ടായില്ലെന്ന് ഹൈക്കമാൻറ്
ദില്ലി; പഞ്ചാബിൽ ഇക്കുറി ആര്? വോട്ടെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ തുടങ്ങി കഴിഞ്ഞു. ഫെബ്രുവരി 20 നായിരുന്നു പഞ്ചാബിലെ 117 അംഗ നിയമസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. 63.44 ശതമാനമായിരുന്നു പോളിംഗ്. 2017 ൽ ഇത് 77 ശതമാനമായിരുന്നു. പോളിംഗ് ശതമാനത്തിലെ ഇടിവ് ആരെ തുണയ്ക്കുമെന്ന് അറിയാൻ മാർച്ച് 10 വരെ കാത്തിരിക്കേണ്ടി വരും.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
അതിനിടെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഏകോപനത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് ഹൈക്കമാന്റ് വിമർശനം.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ ഉടലെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ പടിയിറക്കത്തോടെ തർക്കം രൂക്ഷമായി. അമരീന്ദറിന്റെ പിൻഗാമിയായി ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഒരു വിഭാഗം ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു. അടുത്ത മുഖ്യമന്ത്രി പദത്തിനായി ചന്നിയും സിദ്ദുവും രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിലയിരുത്തലിലായിരുന്നു ഹൈക്കമാന്റ് നേതൃത്വം. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ കാര്യങ്ങൾ കൈവിട്ടുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പ്രചരണത്തിൽ ഉൾപ്പെടെ ഏകോപനം ഉണ്ടായിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം.

സംസ്ഥാന നേതൃത്വവും പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള തർക്കങ്ങളാണ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചരണത്തിൽ ഏകോപനമില്ലെന്ന പരാതി ഒരു വിഭാഗം നേതാക്കൾ ഹൈക്കമാന്റ് നേതൃത്വത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുടേയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റേയും പ്രചരണത്തിൽ ഉൾപ്പെടെ ഏകോപനം ഉണ്ടായില്ലെന്നാണ് വിമർശനങ്ങൾ ഉയർന്നത്.

മാത്രമല്ല, പാർട്ടി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് നടന്ന പ്രചരണത്തിൽ നിന്ന് ചില നേതാക്കൾ വിട്ട് നിന്നതും തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്. എംപി മനീഷ് തിവാരി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികളിൽ നിന്ന് വിട്ട് നിന്നത്.

അതേസമയം സംസ്ഥാന നേതൃത്വമാണ് സഹകരിക്കാതിരുന്നതെന്ന വിമർശനമാണ് ഹരീഷ് ചൗധരി ഉയർത്തുന്നത്. എന്തായാലും ചൗധരിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയെ തുടർന്നാണ് സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള ശക്തരായ നേതാക്കളെ കോൺഗ്രസ് പ്രചരണത്തിനിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, ഹരീഷ് റാവത്ത്, രാജീവ് ശുക്ല, അജയ് മാക്കൻ, ദീപേന്ദർ ഹൂഡ രൺദീപ് സുർജേവാല തുടങ്ങിയ പ്രമുഖരായിരുന്നു പഞ്ചാബിൽ കളം നിറഞ്ഞത്.

അതേസമയം തിരിച്ചടി മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ വിഴിപ്പുലക്കൽ എന്നാണ് പാർട്ടിയിയിലെ വിമത വിഭാഗം നേതാക്കളുടെ വിമർശനം. ഫലം വരുന്നതോടെ കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ഇവർ അടക്കം പറയുന്നു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. ഇക്കുറി ശക്തമായ ചതുഷ്കോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്. ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി. 2017 ൽ 20 സീറ്റുകൾ നേടി തങ്ങളുടെ കന്നി അങ്കത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച ആപ് ഇത്തവണ 50 ലധികം സീറ്റുകൾ നേടി ഭരണം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. അഭിപ്രായ സർവ്വേകളും ആം ആദ്മിയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications