കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണോ? രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി ഇങ്ങനെ...
ദില്ലി/പട്‌ന: ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകളും സജീവമാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിരയിലെ മറ്റു കക്ഷികള്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് രംഗത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് വിട്ടുവീഴ്ചയക്ക് തയ്യാറാകുമോ എന്നതാണ് നിര്‍ണായക ചോദ്യം....

സഖ്യസാധ്യതകള്‍
കേരളത്തില്‍ കോണ്‍ഗ്രസിന് സഖ്യചര്‍ച്ചകളുടെ ആവശ്യമില്ല. കര്‍ണാടകത്തില്‍ ജെഡിഎസുമായി ചര്‍ച്ച ഇനി ആവശ്യമില്ലാത്തവിധം സഖ്യം ശക്തമാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെയാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. തെലങ്കാനയില്‍ പുതിയ സഖ്യകക്ഷിയായി ടിഡിപിയും സിപിഐയും വന്നിരിക്കുന്നു.

പഞ്ചാബും ദില്ലിയും
പഞ്ചാബില്‍ സഖ്യം ആവശ്യമില്ല. കോണ്‍ഗ്രസ് ശക്തമാണ്. ദില്ലിയില്‍ ആരുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എഎപിയുമായി സഖ്യമുണ്ടാക്കേണ്ട എന്നാണ് ദില്ലി കോണ്‍ഗ്രസിന്റെ നിലപാട്. ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ആശങ്ക നിറയ്ക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു.

മൂന്നിടത്ത് പ്രശ്‌നം
അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവയാണവ. മിസോറാം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. തെലങ്കാനയില്‍ സഖ്യം സംബന്ധിച്ച് ഏകദേശ ധാരണയായി. മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ പ്രശ്‌നം നിലനില്‍ക്കുന്നു.

വഴങ്ങിയില്ലെങ്കില്‍ തനിച്ച്
മധ്യപ്രദേശില്‍ ശക്തമായ ബിജെപി ഇതര പാര്‍ട്ടി കോണ്‍ഗ്രസാണ്. ചിലയിടങ്ങളില്‍ മാത്രം ബിഎസ്പിയുണ്ട്. അതുകൊണ്ടുതന്നെ ബിഎസ്പി സഖ്യം കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല. പക്ഷേ, ബിഎസ്പി മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന് ക്ഷീണവുമാണ്. ചത്തീസ്ഗഡിലും രാജസ്ഥാനിലെ ചില മണ്ഡലങ്ങളിലും ഈ സാഹചര്യമുണ്ട്. ബിഎസ്പി കൂടുതല്‍ സീറ്റ് ചോദിക്കുന്നതാണ് പ്രശ്‌നം. വഴങ്ങുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കും.

ബിഹാറില്‍ ആശങ്ക
ബിഹാറില്‍ ആര്‍ജെഡിയുമായിട്ടാണ് കോണ്‍ഗ്രസ് സഖ്യം. എന്നാല്‍ ആര്‍ജെഡി ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിഹാര്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ചില ആശങ്കകളുണ്ട്. രാഹുല്‍ ഗാന്ധി പട്‌നയില്‍ എത്തിയ വേളയില്‍ ബിഹാര്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെയാണ് ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ നിലപാട്
ഒരു പരിധിവരെ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് പറഞ്ഞു. എന്നാല്‍ പരിധി വിട്ട വിട്ടുവീഴ്ച ഒരു പാര്‍ട്ടികളും പ്രതീക്ഷിക്കേണ്ട. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും താല്‍പ്പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് ഒരുങ്ങില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

സഖ്യത്തിന്റെ മാനദണ്ഡം
രാഹുല്‍ ഗാന്ധിയുടെ നിലപാട് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൗകബ് ഖാദിരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താന്‍ മറ്റു പല പാര്‍ട്ടികളും ശ്രമിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. പാര്‍ട്ടികളുടെ ശക്തി പരിഗണിച്ച് മാത്രമാണ് സഖ്യമുണ്ടാക്കൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications