'മോദിയെ ആരാണ് കൂടുതൽ അധിക്ഷേപിക്കുകയെന്ന മത്സരത്തിലണ് കോൺഗ്രസ്'; ഖാർഗെയ്ക്കെതിരെ പ്രധാനമന്ത്രി
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ 'രാവണൻ' പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ ഏറ്റവും കൂടുതൽ അധിക്ഷേപിക്കുന്നത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ മത്സരമാണെന്നും രാമന്റെ നാട്ടിൽ വന്ന് രാവണൻ എന്ന് ഒരാളെ വിളിക്കുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കുറച്ച് ദിവസം മുൻപ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത് മോദി നായയെ പോലെ മരിക്കുമെന്നാണ്, മറ്റൊരാൾ പറഞ്ഞത് മോദി ഹിറ്റലറെ പോലെ മരിക്കുമെന്നാണ്. അവസരം കിട്ടിയാൽ താൻ തന്നെ മോദിയെ വധിക്കുമെന്നാണ് വേറൊരു നേതാവ് പറഞ്ഞത്, വേറൊരാൾ പറയുന്നു രാവണൻ ആണെന്ന്' , ചിലർ പറയുന്നു രാക്ഷസനാണെന്ന്, ചിലർ പാറ്റയാണെന്ന് പറയുന്നു. കോൺഗ്രസ് ഇത്തരത്തിലൊക്കെ തന്നെ വിളിക്കുന്നതിൽ യാതൊരു അത്ഭുതവും എനിക്കില്ല. അതിൽ അവർക്ക് കുറ്റബോധം ഇല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അവരുടെ അവകാശമാണെന്നാണ് കോൺഗ്രസ് കരുതുന്നത്', മോദി പറഞ്ഞു.

ഗുജറാത്ത് എനിക്ക് നൽകുന്ന കരുത്താണ് കോൺഗ്രസിനെ അസ്വസ്ഥതപ്പെടുത്തുന്നത്. ഒരു കോൺഗ്രസ് നേതാവ് ഇവിടെ വന്ന് ഈ തെരഞ്ഞെടുപ്പിൽ മോദിയ്ക്ക് കാണിച്ച് കൊടുക്കാമെന്നാണ്. ഇനിയും കൂടുതൽ കാര്യങ്ങൾ പറയണമെന്ന് കോൺഗ്രസിന് തോന്നിക്കാണും. അതുകൊണ്ടായിരിക്കും അവർ ഖാർഗെയെ അതിനായി ഇങ്ങോട്ട് അയച്ചത്. ഖാർഗെയെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോൺഗ്രസിന് അറിയില്ല. അവിടെയാണ് ഖാർഗെ പറയുന്നത് മോദി 100 തലയുള്ള രാവണൻ ആണെന്ന്', മോദി പറഞ്ഞു.

ശ്രീരാമന്റെ വ്യക്തിത്വം പോലും കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നത് നമ്മുക്ക് അറിയുന്ന കാര്യമല്ലേ.അയോധ്യയിലെ രാമക്ഷേത്രത്തിൽ അവർക്ക് വിശ്വാസമില്ല, രാമസേതുവിന്റെ അസ്തിത്വം പോലും അവർ നിഷേധിച്ചു, അവരാണ് ഇപ്പോൾ രാമായണത്തിൽ നിന്നും രാവണനെ പുറത്തെടുത്തിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയോ അവരുടെ നേതാക്കളോ ഒരിക്കലും പരസ്യമായി മാപ്പ് പറയാറില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഒരുപക്ഷേ രോഷത്തോടെ നമ്മൾ പ്രതികരിക്കും. എന്നാൽ അത് തിരിച്ചറിഞ്ഞ് പിന്നീട് ക്ഷമാപണം നടത്താമല്ലോ. പ്രധാനമന്ത്രിയെ അപമാനിക്കുകയെന്നത് അവകാശമായി കാണുന്നവരാണ് കോൺഗ്രസ്.അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ല, വിശ്വാസമുണ്ടായിരുന്നെങ്കിൽ അവർ ഇങ്ങനെ പറയില്ല. അവർക്ക് വിശ്വാസം കുടുംബത്തിലാണ്', മോദി പറഞ്ഞു.

കോൺഗ്രസിന് വിശ്വാസത്തേയും ആരാധനയേയും അപമാനിക്കുന്നത് വലിയ താത്പര്യമാണെന്നും മോദി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നതിനാൽ ഒരാളുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടാൻ കാരണമാകുമോ? ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിട്ടും ഞങ്ങൾ ഇത്തരത്തിൽ പെരുമാറിയിട്ടില്ല', മോദി പറഞ്ഞു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെ മോദിക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിയ്ക്ക് നൂറ് തലയുണ്ടോയെന്നുമായിരുന്നു ഖാർഗെ ചോദിച്ചത്. 'തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എല്ലാം തന്നെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മറ്റാരേയും നോക്കണ്ട, എന്നെ മാത്രം ആലോചിച്ച് വോട്ട് ചെയ്യൂവെന്നാണ് പറയുന്നത്. എത്ര തവണ ഞങ്ങൾ ഇങ്ങനെ താങ്കളുടെ മുഖം കാണണം ? എത്ര മുഖങ്ങളുണ്ട് മോദിക്ക് , രാവണനെ പോലെ 100 മുഖങ്ങൾ ഉണ്ടോ', എന്നായിരുന്നു ഖാർഗെ പറഞ്ഞത്.












Click it and Unblock the Notifications