കങ്കണയുടെ പുതിയ റെസ്റ്റോറന്റിന് ആശംസയുമായി കോൺഗ്രസ് കേരള ഘടകം; വലിച്ചൊട്ടിച്ച് കമന്റുകൾ
ഡൽഹി: ബോളിവുഡ് താരവും ബി ജെ പി എംപിയുമായ കങ്കണ റൗത്തിന്റെ പുതിയ വെജിറ്റേറിയൻ കഫേക്ക്ക് ആശംസയുമായി കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസ് ഘടകമാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ആശംസ അറിയിച്ചത്. ഫെബ്രുവരി 14 ന് മണാലിയിലാണ് 'ദി മൗണ്ടെയ്ൻ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന കങ്കണയുടെ കഫേ തുറക്കുന്നത്.
'നിങ്ങളുടെ പുതിയ കഫേ ഹിമാചലിൽ ആരംഭിക്കുന്നുവെന്ന് അറിയാൻ സാധിച്ചു. ഹിമാചലിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് നല്ല വെജിറ്റേറിയൻ വിഭവങ്ങൾ നിങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു', കോൺഗ്രസ് എക്സിൽ കുറിച്ചു. അതേസമയം പോസ്റ്റിന് താഴെ കോൺഗ്രസിന്റെ പ്രവർത്തിയിൽ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് ആളുകൾ. കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്നാണ് പലരുടേയും ചോദ്യം.

ഒരുപക്ഷെ ഹാക്ക് ചെയ്യപ്പെട്ടത് അല്ലെങ്കിൽ ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഉച്ചഭക്ഷണത്തിന് ബ്രേക്ക് കിട്ടിയ സമയത്ത് പോസ്റ്റ് ചെയ്തതായിരിക്കാം', ഇങ്ങനെ പോകുന്നു കമന്റുകൾ. കോൺഗ്രസ് പ്രവർത്തകരും പോസ്റ്റിന് താഴെ അതൃപ്തി അറിയിക്കുന്നുണ്ട്. 'നിങ്ങൾ ഇത്തരം വിലകുറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ടേയിരിക്കൂ, എന്നിട്ടും നിങ്ങൾ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് ചിന്തിക്കുന്നു. അജ്ഞതയുള്ളവരാണ് രാജ്യത്തിന്റെ ധാർമികതയെ അവഗണിക്കുക', മറ്റൊരാൾ കമന്റ് ചെയ്തു.
അതേസമയം തന്റെ പുതിയ സംരംഭം ഹിമാചലിൽ തുടങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കങ്കണ റനൗത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നു, ഹിമാലയത്തിന്റെ മടിത്തട്ടിൽ എന്റെയൊരു കഫേ', എന്ന വരികളോടെ റെസ്റ്റോറന്റിന്റെ വീഡിയോ ആണ് താരം പങ്കിട്ടത്. തടികൊണ്ടുള്ള ഫർണിച്ചറുകൾ, മങ്ങിയ വെളിച്ചമുള്ള ചാൻഡിലിയേഴ്സ്, പരമ്പരാഗത ഹിമാചൽ സൗന്ദര്യം വിളിച്ചോതുന്ന ഇന്റീരിയറുകൾ എന്നിവയാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications