മോദി ട്രംപിന് മുന്നില്‍ കീഴടങ്ങി; യുഎസ് വ്യാപാര കരാറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാര്‍ലമെന്റില്‍വ ഉന്നയിച്ച് പ്രതിപക്ഷം. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍, യുഎസ് വ്യാപാര കരാറുകള്‍ ഇരുസഭകളുടെയും മേശപ്പുറത്ത് വയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ വിവരങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'പൂര്‍ണ്ണമായും കീഴടങ്ങി' എന്ന് വ്യക്തമാണ് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് കമ്മ്യൂണിക്കേഷന്‍സ് ജയറാം രമേശ് പറഞ്ഞു. ഇന്ത്യയുടെ 'തന്ത്രപരമായ സ്വയംഭരണാധികാരം' സംബന്ധിച്ച് ആശങ്കയുളവാക്കുന്ന എന്തെങ്കിലും കരാറിലുണ്ടോ എന്നും കോണ്‍ഗ്രസ് ആരാഞ്ഞു.

കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. അതായത് യുഎസില്‍ നിന്നും വെനിസ്വേലയില്‍ നിന്നും കൂടുതല്‍ വാങ്ങും. വ്യാപാര കരാറിന് കീഴില്‍ 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഊര്‍ജ്ജം, കൃഷി, കല്‍ക്കരി, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്.
'പ്രധാനമന്ത്രി മോദി 2025 മെയ് 10 ന് ചെയ്തതുപോലെ പൂര്‍ണമായും കീഴടങ്ങിയിരിക്കുന്നു. അദ്ദേഹം തീര്‍ച്ചയായും പ്രസിഡന്റ് ട്രംപിനെ പ്രീണിപ്പിച്ചു. ഈ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിരാശയിലാണ്,' ജയ്‌റാം രമേശ് പറഞ്ഞു. ''റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നില്ല. യുഎസ് ഇറക്കുമതികളില്‍ താരിഫുകളില്ല. ഇന്ത്യന്‍ ഇറക്കുമതികളില്‍ അമേരിക്കന്‍ താരിഫുകള്‍ 18%. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന് എന്താണ് സംഭവിച്ചത്?', കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാര്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യയ്ക്ക് ഇരു കൂട്ടര്‍ക്കും ഒരുപോലെ പ്രയോജനകരമല്ല ഈ സാഹചര്യം എന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപാര കരാറിന്റെ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍, സ്പീക്കര്‍ ഓം ബിര്‍ള സഭ പിരിച്ചുവിട്ടു.












Click it and Unblock the Notifications