'30 വര്‍ഷം പഴക്കമുള്ള സത്യപ്രതിജ്ഞാ ചിത്രം'; രേഖയ്‌ക്കൊപ്പമുള്ള കോളജ് കാല ചിത്രം പങ്കിട്ട് അല്‍ക ലാംബ
ഡല്‍ഹി: ആകാംക്ഷയ്‌ക്കൊടുവില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സത്യപ്രതിജ്ഞാ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബയാണ് ചിത്രം 'എക്‌സില്‍' പങ്കുവച്ചിരിക്കുന്നത്.
'1995-ലെ അവിസ്മരണീയമായ ചിത്രം' എന്ന തലക്കെട്ടിലുള്ള ചിത്രത്തില്‍ രേഖ ഗുപ്തയും അല്‍ക ലാംബയുമാണുള്ളത്. 30 വര്‍ഷം മുന്‍പ് ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ ഭാരവാഹികളായി രേഖയും അല്‍ക്കയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് അല്‍ക പങ്കിട്ടിരിക്കുന്നത്. രേഖയെ അഭിനന്ദിച്ചുകൊണ്ടാണ് അല്‍ക തങ്ങളുടെ കോളജ് കാല ഓര്‍മച്ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദവിയിലേക്കാണ് അല്‍ക തിരഞ്ഞെടുക്കപ്പെട്ടത്. രേഖയാകട്ടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും.

'നാലാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിച്ചതിന് ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍, യമുന വൃത്തിയുള്ളതും പെണ്‍മക്കള്‍ സുരക്ഷിതവുമാകുമെന്ന് ഞങ്ങള്‍ ദില്ലിക്കാര്‍ പ്രതീക്ഷിക്കുന്നു - ചിത്രത്തോടൊപ്പം അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന വന്ന നേതാക്കളാണ് രേഖയും അല്‍കയും. 1995 ല്‍ നടന്ന ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അല്‍ക ലാംബ എന്‍.എസ്.യുവിനെ പ്രതിനിധീകരിച്ചാണ് പ്രസിഡന്റ് പദവിയിലേക്ക് വിജയിച്ചത്. രേഖ
എബിവിപിയിയെ പ്രതിനിധീകരിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്. അതേസമയം തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ രേഖ ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഫെബ്രുവരി അഞ്ചിന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്‍ക ലാംബ പരാജയപ്പെട്ടിരുന്നു. ആം ആദ്മി നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ അതിഷിക്കെതിരെയാണ് അല്‍ക ലാംബ പരാജയപ്പെട്ടത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ തലസ്ഥാനത്ത് അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്.
ഷാലിമാര്‍ ബാഗ് നിയോജകമണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000-ത്തിലധികം വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത പരാജയപ്പെടുത്തിയത്.
ഡല്‍ഹിയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി പദവിയിലിരുന്നിട്ടുള്ള മറ്റ് സ്ത്രീകള്‍. സത്യപ്രതിജ്ഞാ ചടങ്ങിനായി വലിയ തയാറെടുപ്പാണ് ഡല്‍ഹിയില്‍ നടത്തിയിട്ടുള്ളത്. ഈ വേളയാണ് രേഖയുടെ കോളജ് കാലത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം ശ്രദ്ധേയമാകുന്നത്.












Click it and Unblock the Notifications