മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ വേണോ? ഞങ്ങളുടെ നേതൃത്വത്തെ വിമർശിക്കാതിരിക്കൂ, കോൺഗ്രസ്
മുംബൈ: മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ വേണമെന്നുണ്ടെങ്കിൽ പാർട്ടി നേതൃത്തെക്കുറിച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കോൺഗ്രസിലെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ചും രാഹുൽ ഗാന്ധിയെക്കുറിച്ചുമുള്ള പരാമർശങ്ങൾ നടത്തുന്നത്.

സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ്
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരതയില്ലെന്ന് ദേശീയ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിന്റെ പ്രസ്താവനയെ തുടർന്നാണ് മന്ത്രി കൂടിയായ കോൺഗ്രസ് സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് യശോമതി താക്കൂർ സഖ്യകക്ഷികൾക്ക് പുതിയ നിർദേശവുമായി രംഗത്തെത്തിയിട്ടുള്ളത്. മറാത്തി ദിനപത്രമായ ലോക്മത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിനെക്കുറിച്ചുള്ള പവാറിന്റെ പരാമർശം.

സഖ്യത്തിന്റെ അടിത്തറ
മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കളുടെ അഭിമുഖം, ലേഖനങ്ങളും പരാർമശിച്ചുകൊണ്ടാണ് യശോമതി താക്കൂറിന്റെ പ്രതികരണം. എംവിഎ സഖ്യത്തിലെ സഖ്യകക്ഷികൾക്ക് സുസ്ഥിരമായ സർക്കാർ വേണമെന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഓരോ കക്ഷികളും പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ നേതൃത്വം സുസ്ഥിരവും കരുത്തുറ്റതുമാണ്. ജനാധിപത്യ മൂല്യങ്ങളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തിന്റെ ഫലമായാണ് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. യശോമതി ഠാക്കൂർ ട്വീറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ക്രിയാത്മകമെന്ന്
ശരദ് പവാറിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ പ്രായവും അനുഭവവും കണക്കിലെടുത്ത് ക്രിയാത്മകമായി നോക്കേണ്ടതുണ്ടെന്ന് എൻസിപി വക്താവ് ഉമേഷ് പാട്ടീൽ പറഞ്ഞത്. സർക്കാരിന്റെ സ്ഥിരതയെക്കുറിച്ച് താക്കൂറിന്റെ അഭിപ്രായം അനാവശ്യമാണ്. എംവിഎയ്ക്കുള്ളിൽ നല്ല ഏകോപനമുണ്ട്. അടുത്തിടെ, മഹാവികാസ് അഘാഡി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിലെ ആഘോഷങ്ങൾ ഞങ്ങൾ കണ്ടു. കൗൺസിൽ തിരഞ്ഞെടുപ്പിലും എംവിഎ സഖ്യത്തിനൊപ്പമായിരുന്നു വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

കാഴ്ചപ്പാട് മാത്രം
രാഹുൽ ഗാന്ധിയെക്കുറിച്ച് പവാർ എന്തു പറഞ്ഞാലും എംവിഎ സർക്കാരിന്റെ സ്ഥിരതയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് തകരാർ സംഭവിക്കുമ്പോഴെല്ലാം ഞാൻ പിന്തുണ നൽകുന്നു. ശരദ് പവാർ വലിയ നേതാവാണ് . രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പവാറിനെ തങ്ങളുടെ നേതാവായാണ് കണക്കാക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള പരിചയസമ്പന്നനായ ഒരു നേതാവ് എന്തെങ്കിലും പറയുമ്പോൾ, അത് കാഴ്ചപ്പാടുകളായി കാണേണ്ടതുണ്ട്.