മമതയെ മെരുക്കാന്‍ കോണ്‍ഗ്രസ്: നേരിട്ടെത്തി ചിദംബരം, പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ചാ വിഷയമായി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും ടി എം സി അധ്യക്ഷയുമായ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വ്യാഴാഴ്ച വൈകീട്ട് ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ലോക്സഭയില്‍ സ്വീകരിക്കേണ്ട നിലാടുകള്‍ ചർച്ചയായെന്നാണ് സൂചന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർലമെന്റ് ആദ്യ സമ്മേളനത്തിനായി ജൂൺ 24ന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ചിദംബരത്തിന്റെ സന്ദർശം. കോൺഗ്രസ് കഴിഞ്ഞാൽ സമാജ്‌വാദി പാർട്ടിയും തൃണമൂലുമാണ് ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടികൾ.
പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്‍റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണ് സൂചന. ടിഎംസിയുടെ കൂടെ പിന്തുണയോടെ രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യം. രാഹുല്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ മമതയ്ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ബംഗാളിൽ അവരുടെ പാർട്ടി 29 സീറ്റുകൾ നേടിയതിന് ശേഷം മമത ബാനർജി ഒരു കോൺഗ്രസ് മുതിർന്ന വ്യക്തിയുമായി നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയുമാണ് ഇത്. ബംഗാളിൽ കോൺഗ്രസ് മാൾഡ സൗത്തിൽ നിന്ന് മാത്രം വിജയിച്ചപ്പോള്‍ മമതയുടെ കടുത്ത വിമർശകനും അഞ്ച് തവണ എംപിയുമായിരുന്ന അധീർ ചൗധരി ബെഹ്റാംപൂരിൽ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഒറ്റക്ക് മത്സരിച്ചെങ്കിലും ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിനൊപ്പമാണെന്ന നിലപാടാണ് ഫലം പുറത്ത് വന്നതിന് ശേഷവും മമത ബാനർജി സ്വീകരിച്ചത്. ടി എം സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തുകയും ചെയ്തു. കൂടാതെ സഖ്യത്തിലെ മറ്റ് പാർട്ടികളായ എസ് പി , എ എ പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൊൽക്കത്തയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഉദ്ധവ് താക്കറെയെ കാണാൻ അദ്ദേഹം മുംബൈയിലും പോകുകയും ചെയ്തു.
കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നേരിട്ടുള്ള ദൂതൻ എന്ന നിലയിൽ ബാനർജിയുമായി സംസാരിക്കാൻ ചിദംബരത്തോട് ആവശ്യപ്പെട്ടുവെന്നാണ് ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അദ്ദേഹമോ ബാനർജിയോ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. "രണ്ട് മുതിർന്ന രാഷ്ട്രീയക്കാർ പരസ്പരം കണ്ടുമുട്ടിയാൽ, രാഷ്ട്രീയം തന്നെയായരിക്കും എപ്പോഴും പ്രധാന അജണ്ട" ഒരു മുതിർന്ന ടി എം സി നേതാവ് പറഞ്ഞു.
ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജന്‍ ചൗധരിയും തൃണമൂലും തമ്മിലുള്ള നീണ്ടുനിൽക്കുന്നതും രൂക്ഷവുമായ രാഷ്ട്രീയ പോരാട്ടത്തിന് ശേഷം മഞ്ഞുരുക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം കൂടിയായിരുന്നു കൂടിക്കാഴ്ചയെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, വരുന്ന ജൂലൈ 10ന് ബംഗാളിൽ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിനെ നേരിടാൻ കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ജൂലൈ മൂന്നിന് സമാപിക്കുന്ന പാർലമെൻ്റ് സമ്മേളനത്തോടൊപ്പമാണ് ബംഗാളിലെ ഉപതിരഞ്ഞെടുപ്പും.












Click it and Unblock the Notifications