മത്സരിക്കാന്‍ ദിഗ് വിജയ് സിംഗും; ഗെലോട്ടിന് ഉപദേശം, 2 പദവികള്‍ കോണ്‍ഗ്രസില്‍ വഹിക്കേണ്ടെന്ന് സിംഗ്
ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് മുറുകും. കൂടുതല്‍ പേര്‍ മത്സരരംഗത്തേക്ക് എത്തുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. അദ്ദേഹം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന. എന്തുകൊണ്ടാണ് താന്‍ മത്സരിക്കില്ലെന്ന് നിങ്ങള്‍ കരുതുന്നതെന്ന് സിംഗ് ചോദിച്ചു.
മുപ്പതാം തിയതി വരെ കാത്തിരിക്കാന്‍ ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. അതേസമയം തന്നോട് പാര്‍ട്ടി എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ മത്സരിക്കാന്‍ നിരവധി നിബന്ധനകള്‍ ഗെലോട്ട് ഗാന്ധി കുടുംബത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതിനിടയിലാണ് മത്സരരംഗത്തേക്ക് വരുമെന്ന സൂചന ദിഗ് വിജയ് സിംഗ് നല്‍കിയത്. കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ലോബിയിംഗ് തന്നെ മത്സര രംഗത്തേക്കുണ്ടാവുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഏകോപിപ്പിക്കാനുള്ള ഗെലോട്ടിന്റെ ശ്രമങ്ങളും ഇതോടെ താളം തെറ്റും. വലിയ പിന്തുണ ദിഗ് വിജയ് സിംഗിനും പാര്‍ട്ടിക്കുള്ളിലുണ്ട്.
ജി23 നേതാവെന്ന നിലയില്‍ ശശി തരൂരിനെ പരമാവധി അവഗണിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിക്കുന്നുണ്ട്. ഗെലോട്ടിനെ കേരളത്തില്‍ നിന്നുള്ളവര്‍ പോലും പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. അതേസമയം താന്‍ പറയുന്നയാളെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ഗെലോട്ട് ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.
അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ ശശി തരൂര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി വോട്ടര്‍ പട്ടിക പരിശോധിച്ചു. മത്സരം ഏതാണ്ട് തരൂരും ഗെലോട്ടും തമ്മിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. ദിഗ് വിജയ് സിംഗിന്റെ മറുപടി മാത്രമാണ് ഇക്കാര്യത്തില്‍ ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വന്‍ പോരാട്ടമാണ് രാജസ്ഥാനില്‍ നടക്കുന്നത്. സച്ചിന്‍ പൈലറ്റിനെയാണ് ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നത്. പറ്റില്ലെന്ന നിലപാടിലാണ് ഗെലോട്ട്. സച്ചിനെ കൂടാതെ സിപി ജോഷി, ശാന്തി ധാരിവാള്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി. എന്നാല്‍ ഇരട്ടപ്പദവികള്‍ മുമ്പും വഹിച്ചിട്ടുണ്ടെന്നാണ് മധുസൂദന്‍ മിസ്ത്രി പറയുന്നത്. നെഹ്‌റു, ഇന്ദിരാ ഗാന്ധി, പിവി നരസിംഹ റാവു എന്നിവരെല്ലാം കോണ്‍ഗ്രസ് അധ്യക്ഷ പദവിയും പ്രധാനമന്ത്രി പദവും ഒരുമിച്ച് വഹിച്ചവരാണെന്ന് മിസ്ത്രി പറയുന്നു.ആര് ജയിച്ചാലും കോണ്‍ഗ്രസ് ഭരണഘടന ഇരട്ടപ്പദവി വഹിക്കുന്നതില്‍ നിന്ന് ആരെയും തടയില്ലെന്ന് മിസ്ത്രി പറഞ്ഞു.
അതേസമയം ഇരട്ട പദവി കോണ്‍ഗ്രസില്‍ പറ്റില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാല്‍ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. ഇരട്ട പദവി വഹിക്കാനാവില്ലെന്നും സിംഗ് പറഞ്ഞു. നേരത്തെ സോണിയയോട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്നാണ് ഗെലോട്ട് പറഞ്ഞത്.












Click it and Unblock the Notifications