'എന്റെ രാഷ്ട്രീയ ജീവിതം ഉണ്ടാക്കിയതും ഇല്ലാതാക്കിയതും ഗാന്ധി കുടുംബം'; മണിശങ്കർ അയ്യർ
ന്യൂഡൽഹി: തന്റെ ഉയർച്ചയിലും പാർട്ടിക്കുള്ളിലെ താഴ്ച്ചയ്ക്കും ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. എന്റെ രാഷ്ട്രീയ ജീവിതം ഉണ്ടാക്കിയതും ഇല്ലാതാക്കിയതും ഗാന്ധിമാർ ആണ് എന്നതാണ് എന്റെ ജീവിതത്തിലെ വിരോധാഭാസം എന്ന് മണിശങ്കർ പറഞ്ഞു. പി ടി ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഗാന്ധി കുടുംബവുമായി കാര്യമായ ഇടപെടലിന് തനിക്ക് അവസരം നൽകിയില്ലെന്നും മണിശങ്കർ അയ്യർ. പറഞ്ഞു.
" 10 വർഷമായി എനിക്ക് സോണിയാ ഗാന്ധിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചില്ല, ഒരിക്കൽ അല്ലാതെ രാഹുൽ ഗാന്ധിയോടൊപ്പം അർത്ഥവത്തായ സമയം ചെലവഴിക്കാൻ എനിക്ക് അവസരം നൽകിയിട്ടില്ല, മാത്രമല്ല പ്രിയങ്കയ്ക്കൊപ്പം സമയം ചെലവഴിച്ചിട്ടില്ല, ഒന്നോ രണ്ടോ തവണയല്ലാതെ".

പ്രിയങ്ക ഇടയ്ക്ക് തന്നെ ഫോണിൽ വിളിക്കാറുണ്ടെന്നും ഇത് ഒരു പരിധിവരെ ബന്ധം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കാലത്ത് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ അറിയിക്കാൻ പ്രിയങ്കയെ ആശ്രയിക്കേണ്ടി വന്നിരുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
പ്രിയങ്ക എപ്പോഴും വളരെ ദയവ് കാണിച്ചിട്ടുള്ള വ്യക്തിയാണെന്നും പ്രിയങ്കയെ കണ്ടുപ്പോൾ രാഹുലിന്റെ ജന്മദിനം ജൂണിൽ ആയതിനാൽ രാഹുലിന് എന്റെ ആശംസകൾ അറിയിക്കാൻ അവരോട് ആവശ്യപ്പെടാമെന്ന് കരുതി. എന്തുകൊണ്ട് രാഹുലിനോട് സംസാരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ എന്നെ സസ്പെൻഡ് ചെയ്തിട്ടാണ് ഉള്ളത്, അതിനാൽ എനിക്ക് എന്റേ നേതാവിനോട് സംസാരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 2012 ലെ ഒരു നിർണായക ഘട്ടത്തെക്കുറിച്ചും മണിശങ്കർ പറയുന്നുണ്ട്.
ആ സമയത്ത് ഇരട്ട പ്രതിസന്ധി ഉണ്ടായിരുന്നെന്നും സോണിയാ ഗാന്ധിയുടെ അനാരോഗ്യവും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ബൈപാസ് സർജറികളും പാർട്ടിയെ നേതൃത്വ ശൂന്യതയിൽ എത്തിച്ചെന്നും എന്നാലും പാർട്ടിയേയോ അല്ലെങ്കിൽ പാർട്ടിയോടൊപ്പം സർക്കാരിനെയും നയിക്കാൻ കഴിവുള്ള, ഊർജസ്വലനായ, ആശയങ്ങളാൽ നിറഞ്ഞ, ഒരാൾ അണികളിൽ ഉണ്ടായിരുന്നു, പ്രണബ് മുഖർജിയായിരുന്നു ആ വ്യക്തിയെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
2004 മുതൽ 2009 വരെയുള്ള കാലയളവിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രിയായിരുന്നു മണി ശങ്കർ. നിലവിൽ കോൺഗ്രസ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.












Click it and Unblock the Notifications