പവൻ ഖേരയെ വിമാനത്തിൽ നിന്നിറക്കി വിട്ടു, പിന്നാലെ അറസ്റ്റ്, കേസ് പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ

ദില്ലി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗത്തില്‍ പവന്‍ ഖേരയ്ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ദില്ലി വിമാനത്താവളത്തില്‍ വെച്ച് നാടകീയമായാണ് അസം പോലീസ് ഖേരയെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വക്താക്കളില്‍ ഒരാളായ പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട ശേഷമാണ് അറസ്റ്റ്.
ഛത്തീസ്ഗഡിലെ റായ്പൂരില്‍ വെച്ച് നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മറ്റ് നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. എന്നാല്‍ വിമാനത്തില്‍ നിന്നും അദ്ദേഹത്തെ അധികൃതര്‍ പുറത്തിറക്കി. ആദ്യം ലഗേജിന് പ്രശ്‌നമുണ്ട് എന്നാണ് പറഞ്ഞതെന്നും തനിക്ക് ഹാന്‍ഡ് ബാഗ് മാത്രമേ ഉളളൂ എന്നു പറഞ്ഞപ്പോള്‍ വിമാനത്തിന് പുറത്തേക്ക് കൊണ്ട് പോയി എന്നും പവന്‍ ഖേര പറയുന്നു.

വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടെങ്കിലും അദ്ദേഹത്തിന് വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ സാധിക്കില്ലെന്നും ഡിസിപിക്ക് കാണണം എന്നും പറഞ്ഞുവെന്നും പവന്‍ ഖേര പറഞ്ഞു. ഇത് ഏത് നിയമപ്രകാരമാണ് തന്റെ യാത്ര തടയുന്നതെന്ന് അറിയില്ലെന്നും പവന്‍ ഖേര പറഞ്ഞു. ഖേരയ്ക്ക് ഒപ്പമുണ്ടായിരുന്ന അന്‍പതോളം കോണ്‍ഗ്രസ് നേതാക്കളും വിമാനത്തില്‍ നിന്നിറങ്ങി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജെവാലയും സുപ്രിയ ഷ്രിനാദെയും അടക്കമുളള നേതാക്കള്‍ ഖേരയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഇത് ജനാധിപത്യ വിരുദ്ധമായ നടപടി ആണെന്നും ഈ ഏകാധിപത്യ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. അസം പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പവന്‍ ഖേരയെ തടഞ്ഞത് എന്നാണ് ദില്ലി പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ പവന്‍ ഖേര നടത്തിയ പരാമര്‍ശത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയിക്ക് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം കൊടുക്കാമെങ്കില്‍ പിന്നെ നരേന്ദ്ര ഗൗതം ദാസ്.. സോറി ദാമോദര്‍ദാസ് മോദിക്ക് എന്ത് പ്രശ്‌നമാണ് ഉളളത് എന്നായിരുന്നു വിവാദ പരാമര്‍ശം.
പവന്‍ ഖേരയുടെ പരാമര്‍ശം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണ് എന്നാണ് ബിജെപിയുടെ ആരോപണം. ഖേരയ്ക്ക് എതിരെ കഴിഞ്ഞ ദിവസം ബിജെപി ദില്ലിയില്‍ അടക്കം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത നീക്കത്തിനെതിരെയും വലിയ പ്രതിഷേധം ഉയരുകയാണ്. മോദി സര്‍ക്കാര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച പവന്‍ ഖേരയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച വരെയാണ് ഇടക്കാല ജാമ്യം.












Click it and Unblock the Notifications