നോട്ടയ്ക്ക് പിന്നിലെത്തിയത് പ്രിയങ്കയെ തളര്‍ത്തി; യുപിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പിന് ശേഷം സജീവമല്ലെന്ന് റിപ്പോര്‍ട്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം അവരെ തളര്‍ത്തി എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 403 അംഗ യുപി നിയമസഭയില്‍ വെറും രണ്ടു സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2.3 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. നാല് വര്‍ഷത്തോളമായി പ്രിയങ്കാ ഗാന്ധി യുപിയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തതാണ് അവരെ മടുപ്പിച്ചത്.
387 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. മാത്രമല്ല, 10 സീറ്റുകളില്‍ നോട്ടയ്ക്ക് പിന്നിലാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് നയിക്കാന്‍ മുന്നിലുണ്ടായിരുന്ന ടീമിന്റെ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക ഗാന്ധി കടുത്ത അതൃപ്തിയലായിരുന്നുവത്രെ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും അവര്‍ മുതിര്‍ന്ന ചില നേതാക്കളെ പുറത്താക്കുകയും ചെയ്തിരുന്നു.

പ്രവര്‍ത്തകര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ പോലും പ്രിയങ്ക ഗാന്ധി തയ്യാറായിരുന്നില്ലെന്ന് സീഷാന്‍ ഹൈദര്‍ ആരോപിക്കുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രിയങ്ക യുപിയിലേക്ക് വന്നിട്ടില്ല. ശക്തമായ ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരെ അവര്‍ നടപടിയെടുത്തു. ഞാന്‍ എഐസിസി അംഗമായിട്ടുപോലും നടപടികള്‍ പാലിക്കാതെ എന്നെ പുറത്താക്കി. വിമത ശബ്ദം ഉയര്‍ത്തുന്നവരെ പുറത്താക്കിയാല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന് അവര്‍ കരുതുന്നു. ബാക്കിയുള്ളവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമെന്ന് കരുതുന്നത് തെറ്റാണെന്നും സീഷാന്‍ ഹൈദര്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്കെതിരെ വലിയ വിമര്‍ശനമാണ് സീഷാന്‍ ഹൈദര്‍ ഉന്നയിക്കുന്നത്. പ്രിയങ്ക യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം 9000 പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്താക്കപ്പെടുകയോ പുറത്തുപോകുകയോ ചെയ്തുവത്രെ. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ പഠിച്ചില്ല. യുപിയിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ഞങ്ങള്‍ നിരവധി കത്തയച്ചെങ്കിലും കാര്യമുണ്ടായില്ല. അവര്‍ പ്രതികരിക്കുകയോ ഞങ്ങളുമായി ചര്‍ച്ച നടത്തുകയോ ചെയ്തില്ലെന്നും സീഷാന്‍ ഹൈദര്‍ പറയുന്നു.
യുപിയില്‍ തോല്‍ക്കാനുണ്ടായ കാരണം ചര്‍ച്ച ചെയ്യണം. അതിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പ്രിയങ്ക വിളിച്ചുചേര്‍ക്കണം. ഇനി രണ്ടു വര്‍ഷമില്ല ലോക്‌സഭാ തിരഞ്ഞെടുപ്പിന്. നിലവിലെ സമീപനം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുമെന്ന് മറ്റൊരു മുന്‍ പാര്‍ലമെന്റംഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വനിതകള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയായിരുന്നു യുപിയില്‍ പ്രിയങ്കയുടെ പ്രവര്‍ത്തനം. പ്രിയങ്ക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഫലം വന്ന ശേഷം അവര്‍ അവലോകന യോഗം വിളിക്കാത്തത് മറ്റു നേതാക്കളെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് ഹൈക്കമാന്റ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നില്ലെന്ന് യുപി കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരന്‍ പറയുന്നു.












Click it and Unblock the Notifications