ഹിജാബ് ആയാലും ബിക്കിനി ആയാലും... ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഹിജാബ് വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. പ്രധാന ദേശീയ മാധ്യമങ്ങളിലെല്ലാം വിഷയം ഹിജാബാണ്. നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി വരെ പ്രതികരിച്ചതോടെ ചര്‍ച്ച അന്തര്‍ദേശീയ തലത്തിലേക്ക് കടന്നിരിക്കുന്നു. കര്‍ണാടകയില്‍ തുടങ്ങിയ വിവാദം മധ്യപ്രദേശിലേക്കും പുതുച്ചേരിയിലേക്കും എത്തി. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ തടയുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന അഭിപ്രായമാണ് പ്രിയങ്ക മുേേന്നാട്ട് വച്ചത്. ഹിജാബ് ആകട്ടെ, ജീന്‍സ് ആകട്ടെ, ബിക്കിനി ആകട്ടെ... ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. സ്ത്രീയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഹിജാബ് വിവാദത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസം തടയുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ പെണ്‍മക്കളുടെ വിദ്യാഭ്യാസം ഹിജാബിന്റെ പേരില്‍ കവര്‍ന്നെടുക്കരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിജാബിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തുവന്നു. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഹിജാബ് നിര്‍ബന്ധമാക്കുന്നില്ല എന്ന വിചിത്ര ചോദ്യമാണ് ബിജെപി മറിച്ചുചോദിച്ചത്. സംസ്ഥാനത്ത് താലിബാനിസം അനുവദിക്കില്ലെന്ന് കര്‍ണാടകയിലെ ബിജെപി നേതാവ് നളിന്‍ കുമാര്‍ കത്തീല്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ മൂന്ന് ദിവസം കലാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക ഹൈക്കോടതിയുടെ അഭ്യര്‍ഥിച്ചു. ജനുവരി ഒന്നിന് കര്‍ണാടകത്തിലെ ഉഡുപ്പിയിലെ കോളജിലാണ് ആദ്യമായി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങിയത്. ഹിജാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതിനെതിരെ വലതുപക്ഷ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് രംഗത്തുവരികയായിരുന്നു. അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ കൂടുതല്‍ കലാലയങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് വിവാദം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത്.












Click it and Unblock the Notifications