രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ; ജയിലിലേക്ക് മാറ്റുമോ? അപ്പീല്‍ നല്‍കാന്‍ സമയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. മോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് സൂറത്ത് കോടതി വിധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.
വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി സൂറത്തിലെ കോടതിയില്‍ ഹാജരായിരുന്നു. അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തടവ് ശിക്ഷ വിധിക്കുന്നത് ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് രാഹുല്‍ ഗാന്ധിക്ക് തടസമാകുമെന്ന നിരീക്ഷണവും വരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കുറ്റകരമായ അപകീര്‍ത്തിപ്പെടുത്തല്‍ നടത്തി എന്നാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം. 30 ദിവസത്തെ ജാമ്യം സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിട്ടുണ്ട്. വിധിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സമയമാണിത്. മേല്‍ക്കോടതി സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസമാകും. അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ രാഹുല്‍ ഗാന്ധിക്ക് പ്രശ്‌നമുണ്ടാകില്ല.
ജാമ്യം അനുവദിച്ചതിനാല്‍ നിലവില്‍ രാഹുല്‍ ഗാന്ധിയെ ജയിലിലേക്ക് മാറ്റില്ല. എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും എന്തുകൊണ്ടാണ് മോദി എന്നുള്ളത് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണ് വിവാദമായത്. കുറ്റകൃത്യം നടത്തിയ ശേഷം രാജ്യം വിട്ട നീരവ് മോദി, ലളിത് മോദി ഉള്‍പ്പെടെയുള്ളവരെയും രാഹുല്‍ സൂചിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ പേരും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗുജറാത്ത് മുന്‍ മന്ത്രി കൂടിയായ പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. മോദി സമൂഹത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാഹുലിന്റെ വാക്കുകള്‍ എന്ന് അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വിധി കേള്‍ക്കാന്‍ സൂറത്തിലെ കോടതിയില്‍ എത്തിയിരുന്നു. വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇന്ത്യയുടെ സിംഹം എന്നാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രശംസിച്ചത്. കോടതിക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
നാല് വര്‍ഷത്തോളമായി കേസിന്റെ നടപടികള്‍ നടന്നുവരുന്നു. കഴിഞ്ഞാഴ്ചയാണ് ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് മാര്‍ച്ച് 23ലേക്ക് വിധി പറയാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്എച്ച് വര്‍മ മാറ്റിവയ്ക്കുകയായിരുന്നു. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുണ്‍ മോദ് വാദിയ എംഎല്‍എ പറഞ്ഞു. ഒട്ടേറെ വ്യാജ കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ എടുത്തിട്ടുണ്ടെന്നും എല്ലാം അതിജീവിച്ച് രാഹുല്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications