സിബിഐ, ഇഡി മേധാവിമാരുടെ കാലാവധി നീട്ടല്‍; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയുടെ മേധാവികളുടെ കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി മന്ത്രിസഭ പാസാക്കിയ രണ്ട് ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
പൊതുതാല്‍പ്പര്യ പ്രകാരം സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ സൂചിപ്പിച്ചത്. എന്നാല്‍ സിബിഐ, ഇഡി മേധാവികളുടെ കാലാവധി നീട്ടുന്നതിന് അടിസ്ഥാനമാക്കുന്ന പൊതുതാല്‍പ്പര്യം എന്താണെന്ന് വിശദമാക്കുന്നില്ലെന്ന് സുര്‍ജേവാല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്ത് കോടതി ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടുന്നതില്‍ സര്‍ക്കാര്‍ തീരമാനം എടുക്കുമ്പോള്‍ അത് സര്‍ക്കാരിനോടുള്ള വിധേയത്വത്തിന് കാരണമാകുമെന്ന് സുര്‍ജേവാല പറയുന്നു.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാമെന്ന് ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ച ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭ പാസാക്കി. നിലവില്‍ രണ്ടു വര്‍ഷമാണ് സിബിഐ, ഇഡി മേധാവികളുടെ കാലാവധി. ഇത് അഞ്ച് വര്‍ഷം വരെ നീട്ടാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും നീട്ടി നല്‍കാം. ഇങ്ങനെ മൂന്ന് വര്‍ഷം വരെ നീട്ടാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.
ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍
അതേസമയം, ഓര്‍ഡിനന്‍സ് പാസാക്കിയ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ മേധാവിക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് കാലാവധി കേന്ദ്രം നീട്ടി നല്‍കി. സഞ്ജയ് കുമാര്‍ മിശ്രയ്ക്കാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. നവംബര്‍ 18ന് വിരമിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. 2022 നവംബര്‍ 18 വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് വരെയോ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം വിരമിക്കേണ്ടതായിരുന്നു സഞ്ജയ് കുമാര്‍ മിശ്ര. അന്ന് ഒരു വര്‍ഷം സര്‍വീസ് കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി വന്നെങ്കിലും ജസ്റ്റിസ് എല്‍എന്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഇടപെടാന്‍ വിസമ്മതിച്ചു. അപൂര്‍വമായി മാത്രമേ സര്‍വീസ് നീട്ടി നല്‍കാവൂ എന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇത് മറികടക്കാനാണ് സഞ്ജയ് കുമാര്‍ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കിയതും ഇപ്പോള്‍ സര്‍വീസ് നീട്ടി നല്‍കിയിരിക്കുന്നതും.












Click it and Unblock the Notifications