മുത്തച്ഛനെ മന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവിന്റെ പേരക്കുട്ടി
ദില്ലി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടിബി ജയചന്ദ്രയുടെ പേരക്കുട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ്. അതിന്റെ കാരണമാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. ഈ കുട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. തന്റെ മുത്തച്ഛനെ കര്‍ണാടകയില്‍ മന്ത്രിയാക്കണമെന്നാണ് പേരക്കുട്ടിയായ ആര്‍ന സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
വളരെ വൈകാരികമായ ഒരു കുറിപ്പാണ് ഈ കുട്ടി എഴുതിയിരിക്കുന്നത്. ഈ കത്തില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ കാരണം. അടുത്തിടെ നടന്ന കര്‍ണാടക മന്ത്രിസഭ പുനസംഘടനയില്‍ ജയചന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആര്‍ന രാഹുലിന് കത്തയച്ചിരിക്കുന്നത്.

പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഞാന്‍ ടിബി ജയചന്ദ്രയുടെ പേരക്കുട്ടിയാണ്. തന്റെ മുത്തച്ഛന്‍ മന്ത്രിയാവാത്തതില്‍ അതിയായ ദു:ഖമുണ്ട്. അദ്ദേഹം മന്ത്രിയാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വളരെ കരുണയുള്ളയാളും, കാര്യപ്രാപ്തിയുള്ളയാളും, കഠിനാധ്വാനിയുമാണ് തന്റെ മുത്തച്ഛനെന്ന് ആര്‍ന കത്തില്‍ കുറിച്ചു. ഒപ്പമൊരു സ്‌മൈലി സ്റ്റിക്കറും ആര്‍ന പതിപ്പിച്ചിട്ടുണ്ട്.
അതേസമയം ടിബി ജയചന്ദ്രയെ അനുകൂലിക്കുന്നവര്‍ നേരത്തെ സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുഞ്ചിഡിഗ വിഭാഗത്തോട് വലിയ അന്യായമാണ് കാണിച്ചതെന്ന് ഇവര്‍ ആരോപിച്ചു. യാതൊരു പ്രാതിനിധ്യവും ഈ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതേസമയം ജയചന്ദ്ര തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ കണ്ട് സംസാരിക്കുമെന്ന് ജയചന്ദ്ര വ്യക്തമാക്കി. തനിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജയചന്ദ്രയില്‍ മാത്രം നില്‍ക്കുന്നതല്ല കോണ്‍ഗ്രസിലെ ഈ പ്രശ്‌നം.
നിരവധി സീനിയര്‍ എംഎല്‍എമാര്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ വലിയ അതൃപ്തിയിലാണ്. രാജ്ഭവന് മുന്നില്‍ ഇവരില്‍ പലരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് തന്നെയായിരുന്നു പ്രതിഷേധം നടന്നത്. കോണ്‍ഗ്രസില്‍ നിരവധി വിഭാഗങ്ങള്‍ അതൃപ്തിയിലായത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
മുതിര്‍ന്ന നേതാവ് പുട്ടരംഗഷെട്ടിയും ഇതിനിടെ വിമര്‍ശനവുമായി എത്തി. തനിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആവശ്യമില്ലെന്ന് പുട്ടരംഗഷെട്ടി പറഞ്ഞു. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. തന്നെ പിന്തുണയ്ക്കുന്നവരും, വോട്ടര്‍മാരും ഈ സ്ഥാനം വേണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് അത് നിരസിച്ചത്. എന്നെ മന്ത്രിയായി കാണണമെന്നാണ് അവരുടെ ആഗ്രഹം.
അതുകൊണ്ട് ഈ പദവി ഏറ്റെടുക്കരുതെന്ന് അവരെന്നോട് പറഞ്ഞു. അതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ പദവി താന്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ എന്നോട് പദവി ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ ഈ പദവി ഏറ്റെടുത്താല്‍ ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടി വരും. അത് ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications