'ഉപ്പ് മാത്രം കഴിച്ച് ജീവിക്കുമ്പോൾ വിവരം അറിഞ്ഞോളും'; രാഷ്ട്രപതിക്കെതിരെ കോൺ്രസ് നേതാവിന്റെ ട്വീറ്റ്, വിവാദം
ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമു ബിജെപിയുടെ പാദസേവ നടത്തുകയാണെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി ജെ പി. ദ്രൗപതി മുർമുവിനെതിരായ കോൺഗ്രസിന്റെ നിരന്തര വിമർശനം അവരുടെ ആദിവാസി വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവായ ഉദിത് രാജ് ആയിരുന്നു രാഷ്ട്രപതിക്കെതിരെ വിമർശനം നടത്തിയത്.
തിങ്കളാഴ്ച ഗുജറാത്തിലെ ഗാന്ധി നഗറിൽ സർക്കാർ സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ രാഷ്ട്രപതിയുടേതായുള്ള കുറിപ്പിൽ രാജ്യത്തിന്റെ ഉപ്പിന്റെ 76 ശതമാനം ഉത്പാദിപ്പിക്കുന്നത് ഗുജറാത്താണെന്നും എല്ലാ ഇന്ത്യക്കാരും ഗുജറാത്തിലെ ഉപ്പാണ് കഴിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഷ്ട്രപതിക്കെതിരെ ഉദിത് രംഗത്തെത്തിയത്.

'ഇതുപൊലൊരു രാഷ്ട്രപതിയെ മറ്റൊരു രാജ്യത്തിനും കിട്ടില്ല. പാദസേവയ്ക്ക് ഒരു പരിധിയുണ്ട്. അവർ പറയുന്നത് 70 ശതമാനം ഉപ്പും ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിൽ നിന്നാണെന്നാണ്. എന്നാൽ സ്വന്തമായി ഉപ്പ് മാത്രം കഴിച്ച് തുടങ്ങുമ്പോൾ അവർക്ക് കാര്യം ബോധ്യപെട്ട് കൊള്ളും', എന്നായിരുന്നു ഉദിത് രാജിന്റെ പോസ്റ്റ്. അതേസമയം കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.

കോൺഗ്രസ് നേതാവ് രാഷ്ട്രപതിക്കെതിരെ നടത്തിയ പരാമർശം നിർഭാഗ്യകരമായി പോയി. ഇത് ആദ്യമായല്ല കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുന്നത്. അവരുടെ ആദിവാസി വിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്, ബിജെപി ഐടി സെൽ തലവൻ സംബിത് പത്ര പറഞ്ഞു. നേതാക്കളുടെ ഇത്തരം നിലപാടുകളെ കോൺഗ്രസ് നേതൃത്വം പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നായിരുന്നു ബി ജെ പി നേതാവ് ഷെഹ്സാദ് ചോദിച്ചത്.'ആദ്യം അജോയ് കുമാർ രാഷ്ട്രപതിയ്ക്കെതിരെ രംഗത്തെത്തി. പിന്നീട് ആധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇപ്പോഴിതാ ഉദ് രാജ് രാജ്യത്തിന്റെ ആദ്യ ആദിവാസി വിഭാഗക്കാരിയായ രാഷ്ട്രപതിയെ അപമാനിച്ചിരിക്കുന്നു. ഇത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ?',ഷെഹ്സാദ് ചോദിച്ചു.

അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉദിത് രാജ് രംഗത്തെത്തി. തന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അദ്ദേഹം കുറിച്ചു. ആദിവാസി വിഭാഗക്കാരി എന്ന നിലയിലായിരുന്നു അവരുടെ പ്രചരണം. എസ് സി/എസ് ടി വിഭാഗത്തിൽ നിന്നുള്ളവർ ഉന്നത പദവിയിലെത്തുമ്പോൾ തങ്ങളുടെ സമുദായത്തെ തള്ളി മൗനം പുലർത്തുന്നത് ഹൃദയം തകർക്കുന്നതാണെന്നും ഉദിത് ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടു. ഉദിത് രാജ് ഖേദം പ്രകടിപ്പിക്കണമെന്നും നേതാവിന് ഉടൻ തന്നെ വനിതാ കമ്മീഷൻ നോട്ടീസ് അയക്കുമെന്നും അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീക്കെതിരെ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും രേഖ ശർമ്മ പറഞ്ഞു.

നേരത്തേ കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി മുർമുവിനെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു. ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിൽ രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് ചൗധരി വിശേഷിപ്പിച്ചു. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണ് എന്നായിരുന്നു ചൗധരി പറഞ്ഞു. വലിയ പ്രതിഷേധമായിരുന്നു ഇതിനെതിരെ ബിജെപി ഉയർത്തിയത്. തുടർന്ന് സംഭവത്തിൽ ചൗധരി മാപ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications