പ്രിയങ്കാ ഗാന്ധി, ജയറാം രമേശ്, ശശി തരൂർ.. മിസോറാം സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ
മിസോറാമിൽ നവംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥംസ്ഥാനം സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി വധേര, ജയറാം രമേഷ്, ശശി തരൂർ എന്നിവരുൾപ്പെടെയുള്ള സംഘമാണ് മിസോറാം സന്ദർശനത്തിനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് ഇവർ മിസോറാമിലേക്കെത്തുന്നത്.
നവംബർ 3, 4 തീയതികളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ശശി തരൂരും മിസോറം സന്ദർശിക്കുമെന്ന് മിസോറം കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ ലാൽരേംരുവാത റെന്ത്ലെ പറഞ്ഞതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തിന്റെ തെക്കൻ- പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭാഷാ ന്യൂനപക്ഷ മേഖലകളാണ്. ഇവിടെ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്താൻ സാധ്യതയുണ്ടെന്നും റെന്ത്ലെ പറഞ്ഞു. അതേ സമയം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് വ്യാഴാഴ്ച്ചയോടെ ഐസ്വാളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതാക്കളെ കാണുന്നതിന് പുറമെ ജയറാം രമേശ് വാർത്താ സമ്മേളനത്തിലും പങ്കെടുക്കും. പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും റെന്ത്ലെ കൂട്ടിച്ചേർത്തു.
ഒക്‌ടോബർ 16, 17 ദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഐസ്വാളിലും ദക്ഷിണ മിസോറാമിലെ ലുങ്‌ലെയ് ടൗണിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തിയിരുന്നു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുൾപ്പെടെയുള്ള ബി ജെ പിയുടെ ഉന്നത നേതാക്കളും മിസോറാം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മമിത് ടൗണിൽ ഒക്‌ടോബർ 30ന് പാർട്ടി സ്ഥാനാർഥികൾക്കായി മോദി പ്രചാരണം നടത്തുമെന്ന് ബി ജെ പി വൃത്തങ്ങൾ അറിയിച്ചു.
40 അംഗങ്ങളുള്ള മിസോറാം നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് നവംബർ 7 നാണ് നടക്കുന്നത്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ തീയതി. 16 വനിതകൾ ഉൾപ്പെടെ 174 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഭരണകക്ഷിയായ എം എൻ എഫ്, സോറാം പീപ്പിൾസ് മൂവ്‌മെന്റ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് പ്രധാനമായി മത്സര രംഗത്തുള്ളത്. 2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ മത്സരിച്ച ബി ജെ പി ഇത്തവണ 23 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. 4,38,925 സ്ത്രീ വോട്ടർമാർ ഉൾപ്പെടെ 8,56,868 വോട്ടർമാരാണ് ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കുന്നത്.












Click it and Unblock the Notifications