രാമക്ഷേത്രത്തിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ തടങ്കലില്‍; യുപി അധ്യക്ഷന്റെ മുറിയിലെത്തി പോലീസ്
രാമക്ഷേത്ര കൊള്ള ദേശീയ തലത്തില്‍ വലിയ വിവാദമായിരിക്കെ, ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ഉള്‍പ്പെടെയുള്ളവരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അജയ് റായ് അയോധ്യയിലെത്തി താമസിച്ച ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിലേക്ക് വരുന്നവരെ പോലും ബിജെപി സര്‍ക്കാരിന് ഭയമാണോ എന്ന് അജയ് റായ് ചോദിച്ചു.
രാമക്ഷേത്ത്രിലേക്ക് നല്‍കിയ സംഭാവനകളും കാണിക്കയും പലരും അപഹരിച്ചു എന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എഎപിയുമെല്ലാം പ്രതിഷേധ സ്വരം ഉയര്‍ത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ബിജെപിയും പ്രതിസന്ധിയിലായി. നിലവില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. വിഎച്ച്പി നേതാക്കളും സംശയനിഴയിലിലായി. മറുപടി പറയാനാകാതെ ആര്‍എസ്എസും പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തിലാണ് ജൂണ്‍ 30ന് അയോധ്യയിലെത്തി രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് ഇന്നലെ വൈകീട്ട് അയോധ്യയില്‍ എത്തിയിരുന്നു. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് വന്നു. പോലീസ് ജീപ്പില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു എന്ന് അജയ് റായി എക്‌സില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ പോലീസ് നടപടിക്കെതിരെ രംഗത്തുവന്നു.
എന്തിനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇങ്ങനെ ഭയപ്പെടുന്നത് എന്ന് അജയ് റായ് ചോദിച്ചു. ഏകാധിപത്യമാണ് ഇവിടെ നടക്കുന്നത്. സംഭാവന മോഷ്ടാക്കള്‍, അയോധ്യയില്‍ ഭൂമി കുംഭകോണം നടത്തിയവര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരെ തടയുകയാണ്. രാമഭക്തര്‍ അയോധ്യയില്‍ എത്തുന്നതു പോലും അവര്‍ ഭയപ്പെടുന്നു. എങ്കിലും പിന്നോട്ടില്ലെന്നും അജയ് റായ് എക്‌സില്‍ കുറിച്ചു.
രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് തെറ്റാണോ?
അജയ് റായിയെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം യുപിയിലെ ബിജെപി സര്‍ക്കാരിന് ആയിരിക്കും. തന്റെ ഭര്‍ത്താവിനെ നിശബ്ദനാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പോലീസ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ക്കാണ് തങ്ങള്‍ക്ക് തരുന്നത്- അജയ് റായുടെ ഭാര്യ പ്രതികരിച്ചു.
പ്രതാപ്ഗഡ് ജില്ലാ പ്രസിഡന്റ് നീരജ് ത്രിപാഠിയെയും പോലീസ് അറസ്റ്റ് ചെയ്തുവെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. എന്താണ് കാരണം എന്നു പറയുന്നുമില്ല. രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പോലും ഉത്തര്‍ പ്രദേശില്‍ കുറ്റമായി മാറിയോ എന്നും കോണ്‍ഗ്രസ് എക്‌സില്‍ ചോദിക്കുന്നു.
അമേഠി എംപി കിഷോരി ലാല്‍ ശര്‍മ, രാകേഷ് റാത്തോഡ്, ഉജ്വല്‍ രമണ്‍ സിങ്, തനൂജ് പുഞ്ച എന്നിവരെല്ലാം ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് സംഘമാണ് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, ക്ഷേത്ര കൊള്ള കേസില്‍ അറസ്റ്റിലായ എട്ടുപേരെ അയോധ്യ കോടതി റിമാന്റ് ചെയ്തു. അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് റിമാന്റ് ചെയ്ത് ജയലിലേക്ക് മാറ്റിയത്. വന്‍ മീനുകളെ ഒഴിവാക്കിയാണ് പോലീസ് നടപടി എന്ന് എസ്പി ആരോപിച്ചു.














Click it and Unblock the Notifications