ഡിഎംകെ സഖ്യം വിട്ട് കോണ്‍ഗ്രസ്, ഇനി വിജയ്ക്കൊപ്പം; എന്നും സ്റ്റാലിനൊപ്പമെന്ന് ലീഗ്
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് വിജയിയുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വരും തിരഞ്ഞെടുപ്പുകളിലും ടിവികെയുമായി സഖ്യം തുടരുമെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം തങ്ങൾ ഡിഎംകെയ്ക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയിയെ ആശംസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയപ്പോൾ മുതൽ കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സർക്കാർ രൂപീകരണത്തിന് 14 സീറ്റുകളാണ് ടിവികെയ്ക്ക് ആവശ്യം. ഈ സാഹചര്യത്തിൽ 5 എംഎൽഎമാരുടെ കോണ്‍ഗ്രസിൻ്റെ പിന്തുണ ടിവികെയും തേടിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. എന്നാൽ ഈ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് ഡിഎംകെ ഉയർത്തിയത്. കോണ്‍ഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തി എന്ന് നേതാക്കൾ തുറന്നടിച്ചു. ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇതോടെ സഖ്യകാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന സമീപനമാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. പിന്നാലെയാണ് ടിവികെയെ പിന്തുണയ്ക്കുന്നതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഉപാധികളോടെയാണ് സഖ്യമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത "വർഗീയ ശക്തികളെ" സഖ്യത്തിൽ നിന്ന് മാറ്റി നിർത്തണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും കോണ്‍ഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഒരു വർഗീയ ശക്തികളെയും ടിവികെ ഈ സഖ്യത്തിൽ ഉൾപ്പെടുത്താതിരുന്നാൽ മാത്രമേ ഞങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂവെന്ന് തമിഴ്‌നാട് കോൺഗ്രസിന്റെ ചുമതലയുള്ള ഗിരീഷ് ചോദങ്കർ വ്യക്തമാക്കി.
ഈ സഖ്യം കേവലം സർക്കാർ രൂപീകരണത്തിനുവേണ്ടി മാത്രമല്ലെന്ന് ചോദങ്കർ കൂട്ടിച്ചേർത്തു. ഭാവിയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിലും ഈ സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അഞ്ച് എംഎൽഎമാരുടെ പിന്തുണയുള്ള കോൺഗ്രസ് ടി വി.കെയ്ക്ക് പിന്തുണ നൽകിയതോടെ, സഖ്യത്തിന്റെ അംഗബലം 113 ആയി ഉയർന്നു. എന്നാലും കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകളുടെ കുറവുണ്ട്.
സി പി ഐ , സി പി എം, വിടുതലൈ ചിരുത്തൈകൾ കക്ഷി (വി.സി.കെ.) എന്നീ പാർട്ടികളുമായി വിജയ് സംസാരിച്ചിരുന്നു. ഈ മൂന്ന് പാർട്ടികൾക്കും രണ്ട് സീറ്റുകൾ വീതം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പാർട്ടികൾ ഇതുവരെ പിന്തുണ നൽകുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതിനിടയിൽ എ ഐ എ ഡി എം കെയിലെ ഒരു വിഭാഗം എം എൽ എമാരും വിജയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബി ജെ പി സഖ്യം വിട്ട് വിജയ്ക്കൊപ്പം ചേരണമെന്നതാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ എടപ്പാടി പളനിസ്വാമിക്ക് കത്ത് നൽകി. പാർട്ടിയെ പ്രസക്തമാക്കി നിർത്താനും ബിജെപി ബന്ധം അവസാനിപ്പിക്കാനും ഏറ്റവും മികച്ച അവസരമാണിതെന്നാണ് നേതാക്കളുടെ നിലപാട്.












Click it and Unblock the Notifications