രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വമ്പൻ മുന്നേറ്റം, കോട്ടകൾ തകർന്ന് ബിജെപി
ന്യൂ ഡല്‍ഹി: രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേയും പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിലേയും ഫലം പുറത്ത് വന്ന സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. 2028ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
രാജസ്ഥാനിലെ കര്‍ഷകരും സാധാരണക്കാരും ഭജന്‍ലാല്‍ ശര്‍മ സര്‍ക്കാരിനെതിരെ വിധിയെഴുതിയിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന 37 ജില്ലാ പരിഷത്തുകളില്‍ 25 എണ്ണത്തിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ബിജെപിക്ക് ലീഡ് നേടാന്‍ സാധിച്ചത് വെറും എട്ടെണ്ണത്തില്‍ മാത്രമാണ്.
419 പഞ്ചായത്ത് സമിതികളിലും ഭൂരിപക്ഷ മുന്നേറ്റം കോണ്‍ഗ്രസിനാണ്. 213 സമിതികളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായിരിക്കുന്നത് 85 പഞ്ചായത്ത് സമിതികളിലാണ്. 56 പഞ്ചായത്ത് സമിതികളില്‍ സ്വതന്ത്രര്‍ ആണ് ലീഡ് ചെയ്യുന്നത്.

രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, ഭാരത് ആദിവാസി പാര്‍ട്ടി, സിപിഎം, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി അടക്കമുളളവരും ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ 41 ജില്ലകളിലെ 37 എണ്ണത്തില്‍ വരുന്ന 7543 പഞ്ചായത്ത് സമിതി സീറ്റുകളിലും 1275 ജില്ലാ പരിഷത്ത് സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ മേവാര്‍, മാര്‍വാര്‍ പോലുളള മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ജയ്പൂര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഭില്‍വാര ജില്ലാ പ്രമുഖ് പദവികള്‍ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. മറുവശത്ത് അജ്മീര്‍ ബിജെപി നിലനിര്‍ത്തി. ഉദയ്പൂരില്‍ തലനാരിഴയ്ക്കാണ് ബിജെപി തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്. ബിജെപിയുടെ മറ്റ് കോട്ടകളായ ചിത്തോര്‍ഗഡ്, സിരോഹി, രാജ്‌സമന്ത്, ജലോര്‍ എന്നിവിടങ്ങളിലും ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയുടേയും കേന്ദ്ര മന്ത്രിമാരുടേയും മണ്ഡലങ്ങളിലും ജന്മനാട്ടിലും അടക്കം ബിജെപിക്ക് നില തെറ്റി. മുഖ്യമന്ത്രിയുടെ മണ്ഡലമായ സാന്‍ഗനീര്‍ പഞ്ചായത്ത് സമിതിയില്‍ ആര്‍എല്‍പിയാണ് വിജയിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ഭാരത്പൂരിലാകട്ടെ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തിന്റെ മണ്ഡലമായ ജോധ്പൂരിലും അര്‍ജുന്‍ രാം മേഘ്വാളിന്റെ മണ്ഡലമായ ബിക്കാനീറിലും ബിജെപി തോറ്റു.
രാജസ്ഥാന്‍ സര്‍ക്കാരിലെ നഗര വികസന വകുപ്പ് മന്ത്രി ജബര്‍ സിംഗ് ഖാരയുടെ ഭാര്യയും രണ്ട് മക്കളും തിരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ചു. ശ്രീമധോപൂര്‍ പഞ്ചായത്ത് സമിതിയിലെ 17ാം നമ്പര്‍ വാര്‍ഡില്‍ ഖാരെയുടെ ഭാര്യയായ ശാന്തി ദേവിയും 19, 20 വാര്‍ഡുകളില്‍ രണ്ട് ആണ്‍മക്കളും പരാജയപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോഡിന്റെ മണ്ഡലമായ ഝോഠ്വാര മേഖലയില്‍ 1 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.



Click it and Unblock the Notifications
