നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി ഹൈക്കമാന്റ് അംഗീകരിക്കും;പുതിയ അധ്യക്ഷനെ കണ്ടെത്താൻ ചർച്ച തുടങ്ങി രാഹുൽ
ദില്ലി; പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായേക്കുമെന്ന് സൂചന. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച യുവ നേതാവും എംഎൽഎയുമായ നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻറ് അംഗീകരിച്ചേക്കുമെന്നാണ് സൂചന. പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്താനായുള്ള ചർച്ചകൾ ഹൈക്കമാന്റ് നേതൃത്വം ആരംഭിച്ചതായി റിപബ്ലിക്ക് ചാനൽ റിപ്പോർട്ട് ചെയ്തു.
സപ്റ്റംബർ 28 നായിരുന്നു ഹൈക്കമാന്റ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടുള്ള നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും സിദ്ധുവും തമ്മിലുള്ള അധികാര വടംവലിയിൽ അമരീന്ദറിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയിരുന്നു.ദളിത് നേതാവായ ചരൺ ജിത്ത് ചന്നിയെയായിരുന്നു മുഖ്യമന്ത്രിയാക്കിയത്. മന്ത്രിസഭ പുന:സംഘടനയും നടത്തി. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലേക്ക് സംഘടന കടന്നിരുന്നു. അതിനിടെയായിരുന്നു നവജ്യോത് സിദ്ധുവിന്റെ അപ്രതീക്ഷിത രാജി.

മന്ത്രിസഭയിൽ തന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നതായിരുന്നു സിദ്ധുവിനെ ചൊടിപ്പിച്ചത്. തന്റെ മുഖ്യശത്രുവും ഉപമുഖ്യമന്ത്രിയുമായ എസ് എസ് രൺദാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിൽ സിദ്ധു ഏറെ അസ്വസ്ഥനായിരുന്നു.മാത്രമല്ല രണ്ടാം ഉപമുഖ്യമന്ത്രിയായി ഒപി സോണിയെ നിയമിച്ചതിലും അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലുമെല്ലാം സിദ്ധുവിന്റെ അതൃപ്തിയ്ക്ക് കാരണമായിരുന്നു. അതേസമയം സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ അഞ്ച് നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു.
ഇതോടെ ഹൈക്കമാന്റ് സിദ്ധുവിന് അന്ത്യശാസനം നൽകി. സി തുടർന്ന് മുഖ്യമന്ത്രിയുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ഡിജിപിയേ ഉൾപ്പെടെ മാറ്റാൻ സിദ്ധു ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ആവശ്യങ്ങൾ അംഗീകരിച്ചാൽ രാജി പിൻവലിക്കാൻ സിദ്ധു തയ്യാറായേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടയിലാണ് ഇപ്പോൾ സിദ്ധുവിനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കാനുള്ള ചർച്ചകളിലേക്ക് രാഹുൽ കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ചർച്ച നടത്താനായി മുഖ്യമന്ത്രി ചരൺ ജിത്ത്, കുൽജിത്ത് നഗ്ര, രവ്ണീത് ബിട്ടു എന്നീ നേതാക്കളെ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ സിദ്ധുവുമായുള്ള കൂടിക്കാഴ്ചയിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), അഡ്വക്കേറ്റ് ജനറൽ (എജി) എന്നിവരുടെ നിയമനം അസാധുവാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധുവിനെ അറിയിച്ചതായാണ് വിവരം. അതേസമയം ഇത് അംഗീകരിക്കാൻ സിദ്ധു തയ്യാറായേക്കില്ലെന്ന് തന്നെയാണ് വിവരം.കഴിഞ്ഞ ദിവസം ഇരുവർക്കുമെതിരെ സിദ്ധു പരസ്യമായി ട്വിറ്ററിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ആറു വർഷം മുമ്പ് ബാദലുകൾക്ക് ക്ലീൻചിറ്റ് നൽകിയവർക്ക് ഇപ്പോൾ നീതി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം നൽകിയിരിക്കുകയാണെന്നായിരുന്നു ഡിജിപി ഇഖ്ബാൽ പ്രീത് സിംഗ് സഫോട്ടയുടെ നിയമനത്തെ കുറിച്ച് സിദ്ധു തുറന്നടിച്ചത്. എപിഎസ് ഡിയോളിനെ എജിയായി നിയമിച്ചതിനേയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
അതേസമയം സിദ്ധു കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് മുൻപിൽ മുട്ടു മടക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഹൈക്കമാന്റ്. ഈ സാഹചര്യത്തിൽ പല പേരുകളും ചർച്ചയാകുന്നുണ്ട്. രൺവീത് ബിട്ടുവിനെ അധ്യക്ഷനാക്കാനാണ് സാധ്യത കൂടുതൽ. ബിട്ടുവിന് പുറമെ മനീഷ് തിവാരി, പ്രതാപ് സിംഗ് ബജ്വ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. അതേസമയം പുതിയ അധ്യക്ഷനെ കണ്ടെത്തിയാൽ സിദ്ധു കോൺഗ്രസിൽ തന്നെ തുടരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Recommended Video
പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം തന്നെ താൻ ഉണ്ടാകുമെന്നും ക്രിയാത്മക ഊർജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു സിദ്ധു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications