മാറ്റത്തിനും വില്ലനായി ചിദംബരം.... യുവനേതാക്കള്‍ക്ക് വേണ്ട, രാഹുലിനോട് പറയാനുള്ളത്, അടിമുടി മാറും!!
ദില്ലി: കോണ്‍ഗ്രസിന്റെ യുവ ടീം മാറ്റത്തില്‍ വലിയ സംതൃപ്തിയിലാണ്. എന്നാല്‍ അതോടൊപ്പം വലിയൊരു പ്രശ്‌നം കൂടി വന്നിരിക്കുകയാണ്. സോണിയാ ഗാന്ധി പ്രഖ്യാപിച്ച കമ്മിറ്റിയില്‍ പി ചിദംബരത്തെ ഉള്‍പ്പെടുത്തിയതാണ് യുവ നേതാക്കളുടെ പ്രധാന പ്രശ്‌നം. ഈ അവസരത്തില്‍ ചിദംബരം കോണ്‍ഗ്രസിന്റെ സുപ്രധാന കമ്മിറ്റിയില്‍ പാടില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. രാഹുലിനോട് ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ പറയുന്നുണ്ട്. ചിദംബരത്തെ ഒപ്പം നിര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പ്. രാഹുലിന് താല്‍പര്യമുണ്ടായിട്ട് ചിദംബരത്തെ കൂടെ നിര്‍ത്തിയതല്ലെന്നാണ് വ്യക്തമാകുന്നത്.

യുവാക്കള്‍ കട്ടകലിപ്പില്‍
രാഹുല്‍ ഗ്രൂപ്പിലെ നേതാക്കളാണ് ഒരേസമയം അഭിനന്ദനവും വിമര്‍ശനവും ഉന്നയിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് ശേഷം കോണ്‍ഗ്രസിലെ യുവനേതാക്കള്‍ നേതൃത്വത്തിനെതിരെയുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന സമീപനമാണ് പുലര്‍ത്തിയത്. ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചിദംബരത്തെ ഉള്‍പ്പെടുത്തിയതാണ് പ്രധാന വിമര്‍ശനമായി വരുന്നത്. രാഹുല്‍ എപ്പോള്‍ പ്രസിഡന്റായിട്ടുണ്ടോ അപ്പോഴൊക്കെ ചിദംബരത്തെയും കൂടെ ഉള്‍പ്പെടുത്താന്‍ സോണിയ ശ്രമിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

രാഹുലിനെ ഉപദേശിക്കാന്‍
ചിദംബരം രാഹുലിന് കോവിഡ് സംബന്ധിച്ച വിഷയങ്ങളില്‍ ഉപദേശം നല്‍കുമെന്നാണ് സോണിയ ഉന്നയിക്കുന്നത്. എന്നാല്‍ ചിദംബരത്തിന്റെ അഴിമതി കറ രാഹുലിന് വലിയ ബാധ്യതയാവും. മന്‍മോഹന്‍ സിംഗിനെ ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണ്. പക്ഷേ എന്തുകൊണ്ടാണ് ചിദംബരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് സോണിയ വെളിപ്പെടുത്തണമെന്നാണ് ആവശ്യം. ചിദംബരത്തില്‍ നിന്ന് രാഹുലിന് ഒന്നും പഠിക്കാനില്ലെന്ന് ഇവര്‍ പറയുന്നു. ഒരു മഹാമാരിയുടെ സമയത്ത് പണം ഉണ്ടാക്കാന്‍ മാത്രമായിരിക്കും ചിദംബരം നിര്‍ദേശിക്കുകയെന്നും ഇവര്‍ പറയുന്നു.

രാഹുലിനും താല്‍പര്യമില്ല
ചിദംബരത്തെ കൂടെ നിര്‍ത്താന്‍ രാഹുലിന് താല്‍പര്യമില്ലായിരുന്നു. അദ്ദേഹത്തിനെതിരെ അഴിമതി കേസുകള്‍ വന്നപ്പോഴും വലിയ രീതിയില്‍ രാഹുല്‍ പ്രതിരോധിച്ചിരുന്നില്ല. എന്നാല്‍ സോണിയ പാര്‍ട്ടിയുടെ സഹായം ചിദംബരത്തിന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ ടീമില്‍ രാഹുല്‍ നിര്‍ദേശിച്ചവരാണ് എല്ലാം. എന്നാല്‍ ചിദംബരത്തിന്റെ പേര് നിര്‍ബന്ധമായി ചേര്‍ത്തത് സോണിയയാണ്. ഇക്കാര്യം സച്ചിന്‍ പൈലറ്റിനെ പോലുള്ള നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ചിദംബരം വില്ലന്‍
ചിദംബരത്തിന് അഖിലേന്ത്യാ തലത്തില്‍ മോശം പ്രതിച്ഛായയാണ് ഉള്ളത്. സര്‍ക്കാരിനെ തെറ്റായ സമയത്ത് വിമര്‍ശിക്കുന്നതില്‍ മുന്നിലുമാണ് അദ്ദേഹം. കോവിഡിന്റെ സമയത്ത് സര്‍ക്കാരിനെ പിന്തുണയ്ക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ വരെ ചിദംബരത്തിന്റെ കൈവശമുണ്ടെന്ന് യുവനേതാക്കള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായി പോകുന്ന തന്ത്രങ്ങളാണ് ഇത്. ചിദംബരത്തിന് സോണിയയുമായി വലിയ അടുപ്പമുണ്ട്. ബൊഫോഴ്‌സ് കേസിന്റെ സമയത്ത് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം. അന്താരാഷ്ട്ര തലത്തില്‍ കോണ്‍ഗ്രസിന്റെ കാലത്ത് നടത്തിയ പല ഇടപാടുകള്‍ക്കും മുന്നില്‍ നിന്നത് ചിദംബരമാണ്. ഇത് സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടായിരുന്നു.

യുവ ഗ്യാംഗിനോട് പക
താന്‍ ജയിലില്‍ പോയ സമയത്ത് യുവനേതാക്കളൊന്നും സഹായിച്ചില്ലെന്ന പരാതി ചിദംബരത്തിനുണ്ട്. സീനിയര്‍ നേതാക്കളില്‍ നിന്ന് തന്നെ ചിദംബരത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ചിദംബരം സോണിയാ ഗാന്ധിയുടെ സൗഹൃദത്തെ പാര്‍ട്ടിക്കുള്ളിലെ സ്ഥാനം മെച്ചപ്പെടുത്താനായി കൂടുതല്‍ ഉപയോഗിക്കുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. നേരത്തെ മുംബൈയില്‍ നിന്ന് രാജ്യസഭാ സീറ്റും, മകന്‍ കാര്‍ത്തിക്ക് ലോക്‌സഭാ സീറ്റും ലഭിച്ചത് ഇത്തരം ലോബിയിംഗ് കൊണ്ടായിരുന്നു. ചിദംബരത്തിനെതിരെ ആദായ നികുതി വകുപ്പ് കൊണ്ടുവന്ന കേസില്‍ കഴമ്പുണ്ടെന്ന വാദത്തിലാണ് രാഹുല്‍.

അവരെ ഒഴിവാക്കി
സോണിയ കൂടെ നിന്നവരെ ഒഴിവാക്കിയെന്ന ആരോപണവും ശക്തമാണ്. കപില്‍ സിബല്‍, അഭിഷേക് സിംഗ്‌വി എന്നിവര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കേണ്ടതായിരുന്നു. ഇവരെ വെച്ചാല്‍ ചിദംബരത്തിന് കമ്മിറ്റിയില്‍ ഇടമുണ്ടാവില്ല. ഇതാണ് ഇവരെ വെട്ടാന്‍ കാരണം. രാഹുല്‍ ഗാന്ധി ചിദംബരത്തില്‍ നിന്ന് അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രമേ പഠിക്കൂ എന്ന് നേതാക്കള്‍ പറയുന്നു. ചിദംബരം, അഹമ്മദ് പട്ടേല്‍, ഏകെ ആന്റണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, എന്നിവരെ മാര്‍ഗദര്‍ശക് മണ്ഡലിലേക്ക് മാറ്റണമെന്നാണ് യുവനേതാക്കളുടെ ആവശ്യം.

രാഹുല്‍ തീരുമാനിക്കും
ചിദംബരത്തെ കാലക്രമേണ തഴയാനുള്ള ശ്രമത്തിലാണ് രാഹുല്‍. ഇത്തരം വയസ്സന്‍മാരായ നേതാക്കള്‍ അഴിമതിക്കാരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് യുവനേതാക്കള്‍ പറയുന്നു. ചിദംബരത്തെ ചാനല്‍ ചര്‍ച്ചകളിലേക്ക് പോലും അയക്കരുതെന്നാണ് ഇവരുടെ ആവശ്യം. ക്രെഡിബിലിറ്റി ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിദംബരത്തെ തഴയുമെന്നാണ് സൂചന. അതേസമയം സോണിയാ ഗാന്ധിയുടെ കുടുംബവുമായി ചിദംബരത്തിന് മുന്‍കാല ബന്ധങ്ങള്‍ ഉള്ളതാണ് അദ്ദേഹത്തെ സുരക്ഷിതനാക്കുന്നത്.












Click it and Unblock the Notifications