ഉത്തര്‍പ്രദേശ് തിരിച്ചു പിടിക്കണം; 2009 ലെ ആ 22 പടക്കുതിരകളെ തിരിച്ചെത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ലക്നൗ: സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പതിറ്റാണ്ടുകളോളം പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായി നിലകൊണ്ട ഉത്തര്‍പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ ലക്ഷ്യങ്ങള്‍ പലതാണ്. ബിജെപിയുടെ മുന്നേറ്റത്തിന് തടയിടുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം
2014 ല്‍ സംസ്ഥാനത്തെ 80 സീറ്റുകളില്‍ 71 സീറ്റായിരുന്നു യുപിയില്‍ ബിജെപി കരസ്ഥമാക്കിയത്. ഇത്തവണയും യുപിയില്‍ ബിജെപിയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ കേന്ദ്രഭരണത്തില്‍ നിന്ന് അവരെ താഴെ ഇറക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസിന് നല്ല ബോധ്യമുണ്ട്. അതിനാല്‍ തന്നെ വലിയ പരിശ്രമം തന്നെയാണ് യുപിയില്‍ കോണ്‍ഗ്രസ് നടത്തുന്നത്.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ.

പഴയ മേധാവിത്വം
പാര്‍ട്ടിയുടെ പഴയ മേധാവിത്വം തിരിച്ചു പിടിക്കാനായില്ലെങ്കിലും സംസ്ഥാനത്തെ നിര്‍ണ്ണായക ശക്തിയായി മാറുക എന്ന പദ്ധതിയിലൂന്നിയാണ് കോണ്‍ഗ്രസിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നത്.

80 ല്‍ 25
80 ല്‍ 25 ലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. സ്ഥനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ തന്നെ പൂര്‍ത്തിയാക്കി പ്രചര രംഗത്ത് മേല്‍ക്കൈ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

2009 ലെ വിജയികള്‍
എസ്പിയിലേയും ബിഎസ്പിയിലേയും ചില വിമതരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചേക്കും. ബിജെപി വിട്ട് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ജോതിബായി ഫുലെക്ക് പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2009 കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഇത്തവണയും മത്സരിപ്പിക്കും
രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമുള്‍പ്പടെ 2009 ല്‍ 22 ലോക്സഭാംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഈ 22 എംപിമാരെയും ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ചിലര്‍ക്കെങ്കിലും 2009 ല്‍ വിജയിച്ച മണ്ഡലങ്ങിലായിരിക്കില്ല കോണ്‍ഗ്രസ് ഇത്തവണ ടിക്കറ്റ് നല്‍കുക.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
ചെറുകക്ഷികള്‍ സഖ്യത്തിന്‍റെ ഭാഗമാണെങ്കില്‍ 70 ലേറെ സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ പഴയ തലമുറക്കും പുതുതലമുറക്കും പരമാവധി പ്രാതിനിത്യം നല്‍കുക എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

എസ്പി-ബിഎസ്പി
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ഇതിനോടകം തന്നെ സംസ്ഥാനത്ത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ബിജെപിയോടൊപ്പം തന്നെ ഈ സഖ്യത്തെ മറികടക്കുക എന്നതും കോണ്‍ഗ്രസിന് മുന്നിലുള്ള വലിയ കടമ്പയാണ്. എസ്പിയും ബിഎസ്പിയുമായി നേരത്തെ സഖ്യചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ സീറ്റ് തര്‍ക്കം പരിഹരിക്കാനായിരുന്നില്ല.

പിന്നോട്ടടിച്ചത്
സിറ്റിങ് സീറ്റുകളായ അമേഠിയും റായ്ബറേലിയും മാത്രം വിട്ടുനല്‍കാമെന്ന് എസ്പി-ബിഎസ്പി നിലപാടാണ് സഖ്യ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടടിച്ചത്. ഇതോടെ സംസ്ഥാനത്തെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

മുന്‍കൈ എടുക്കണം
അതേസമയം മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ യുപിയിലെ പ്രതിപക്ഷ സഖ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ ബിജെപി വിജയിക്കുന്നതിന് തടയിടാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് ശരത് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കരുത്ത് വര്‍ധിക്കും
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസും വന്നാല്‍ പ്രതിപക്ഷസഖ്യത്തിന്‍റെ കരുത്ത് വര്‍ധിക്കും. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവുമായി നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെങ്കിലും വരും ദിവസങ്ങലില്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതകള്‍ സംസ്ഥാന കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല.

പ്രിയങ്ക ഗാന്ധിയുടെ വരവ്
പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് സംസ്ഥാന കോണ്‍ഗ്രസിന് ഉണര്‍വ് പകര്‍ന്നിട്ടുണ്ടെന്നുള്ളത് നേരാണ്. എന്നാല്‍ അത് എത്ര സീറ്റുകളില്‍ വിജയം കൊണ്ടുവരും എന്നത് സംശയമാണ്. അതേസമയം എസ്പി-ബിഎസ്പി-ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ വീണ്ടും സംസ്ഥാനത്ത് വന്‍ വിജയം കരസ്ഥമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.












Click it and Unblock the Notifications