സുനില്‍ ജക്കറിനെ പുറത്താക്കുമോ? കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി യോഗം ചേരുന്നു
ദില്ലി: കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി തിങ്കളാഴ്ച്ച ചേരുന്നു. രണ്ട് നേതാക്കള്‍ക്കെതിരെയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സമിതി ചേരുന്നത്. ദില്ലിയില്‍ വെച്ചാണ് യോഗം. കെവി തോമസിനും സുനില്‍ ജക്കറിനും എതിരെയാണ് നടപടി ഒരുങ്ങുന്നത്. ഇരുവര്‍ക്കുമെതിരെ പഞ്ചാബില്‍ നിന്നും കേരളത്തില്‍ നിന്നും പരാതികള്‍ വന്ന് കഴിഞ്ഞു. എഐസിസി അംഗങ്ങളായത് കൊണ്ട് ഇവര്‍ക്കെതിരെ ഹൈക്കമാന്‍ഡിന് മാത്രമേ നടപടിയെടുക്കാനേ സാധിക്കൂ. കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഒരുങ്ങുന്നത്. കെസി വേണുഗോപാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചിപ്പിച്ചത്.

സുനില്‍ ജക്കറിനെതിരെ പരാതി പ്രളയമാണ്. പലയിടത്ത് നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദളിത് വിരുദ്ധ പരാമര്‍ശം അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് ചൗധര ജക്കറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. നിരവധി പരാതികള്‍ ജക്കറിനെ കുറിച്ച് ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖര്‍ക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയതാണ് പ്രധാന പരാതി. അടുത്തിടെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെയായിരുന്നു പരാമര്‍സം നടത്തിയത്. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടിയെ പോലും ജക്കര്‍ ചോദ്യം ചെയ്തിരുന്നു.
ചന്നി അഴിമതിക്കാരനാണെന്നും, ഒന്നിനും കൊള്ളാത്ത നേതാവാണെന്നും വരെ ജക്കര്‍ പറഞ്ഞിരുന്നു. കടന്നപ്രയോഗങ്ങള്‍ നടത്തിയതോടെ കോണ്‍ഗ്രസിലെ എല്ലാവരും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മുന്‍ മന്ത്രി രാജ്കുമാര്‍ വെര്‍ക്ക അടക്കം ജക്കറിനെതിര രംഗത്ത് വന്നിരുന്നു. ഇത്രയും മോശമായ വാക്കുകള്‍ ഉപയോഗിച്ചതില്‍ അദ്ദേഹം മാപ്പുപറയണമെന്നും വെര്‍ക്ക ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് പിന്നാലെ ജക്കറിനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പഞ്ചാബ് നേതൃത്വത്തിലാകെയുള്ള ആവശ്യമാണ്. ജക്കറിനുള്ള പിന്തുണ തീര്‍ത്തും കുറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം ദളിത് വിരുദ്ധതയായി വരെ ചിത്രീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം കെവി തോമസിനെതിരെയുള്ളത് ഗുരുതര അച്ചടക്ക ലംഘനമാണ്. പാര്‍ട്ടി നിര്‍ദേശമുണ്ടായിട്ടും അദ്ദേഹം സിപിഎം സെമിനാറില്‍ പങ്കെടുത്തു എന്നതാണ് പ്രശ്‌നം. അതിന് പുറമേ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ കെവി തോമസ് മുഖ്യമന്ത്രിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നാണ് സുധാകരന്‍ ആരോപിച്ചത്. സോണിയാ ഗാന്ധിയോട് തോമസിനെതിരെ അടിയന്തര നടപടി എടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ രണ്ട് പരാതികളും തിങ്കളാഴ്ച്ച കേള്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കെവി തോമസ് പാര്‍ട്ടിക്ക് പുറത്താവുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്ക ഗാന്ധിക്കെതിരെയും പരാതി ശക്തമായിരിക്കുകയാണ്. യുപിയില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായതിന് ശേഷം പ്രിയങ്കയെ യുപിയിലേക്ക് കാണാനേ ഇല്ലെന്നാണ് പ്രധാന പരാതി. പാര്‍ട്ടി എല്ലാ വേദികളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുകയാണ്. 403 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ കിട്ടിയത് രണ്ട് സീറ്റാണ്. 2.3 ശതമാനം വോട്ടാണ് കിട്ടിയത്. 387 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. പത്ത് സീറ്റില്‍ നോട്ടയേക്കാള്‍ കുറഞ്ഞ വോട്ടാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് നയിച്ച പ്രിയങ്കയുടെ രീതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തി കോണ്‍ഗ്രസിലുണ്ട്. എതിര്‍പ്പറിയിക്കുന്നവരെ പുറത്താക്കുന്നതാണ് പ്രിയങ്കയുടെ രീതി. മറ്റ് പലരും പാര്‍ട്ടി വിട്ട് പോവുകയാണ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് പോലും കേള്‍ക്കാന്‍ പ്രിയങ്ക തയ്യാറാവുന്നില്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ലഖ്‌നൗവിലേക്ക് അവര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. പ്രിയങ്കയുടെ ഇഷ്ടക്കാര്‍ ഇപ്പോഴും പാര്‍ട്ടിയെ ഏതൊരംഗത്തിനെതിരെയും എപ്പോള്‍ വേണമെങ്കിലും നടപടിയെടുക്കുന്ന അവസ്ഥയാണുള്ളത്. എതിര്‍ക്കുന്നവരെ മുഴുവന്‍ ഇവര്‍ പുറത്താക്കുകയാണെന്ന് സീനിയര്‍ നേതാവായ സീഷാന്‍ ഹൈദര്‍ പറയുന്നു. സീഷാനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. പ്രിയങ്ക വന്നശേഷം 9000 നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ടതെന്ന് സീഷാന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചതോടെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് കോണ്‍ഗ്രസ് ഓഫീസ്.












Click it and Unblock the Notifications