സിപിഎമ്മുമായി ഓകെ എന്ന് കോണ്‍ഗ്രസ്; സഖ്യമുണ്ടാകില്ല, സ്ഥാനാര്‍ഥി പട്ടിക 25നകം
ദില്ലി: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ധാരണയാകാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. സഖ്യമുണ്ടാകില്ല. എന്നാല്‍ പ്രാദേശിക തലത്തിലുള്ള നീക്കുപോകുകള്‍ ആകാം. ദില്ലിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണ ആയുധം വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാട് തന്നെയാകും. കൂടാതെ സര്‍ക്കാരിന്റെ വീഴ്ചകള്‍, കാര്‍ഷിക പ്രതിസന്ധി എന്നിവയെല്ലാം കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കും. മോദി സര്‍ക്കാരിനെ ഉന്നമിട്ടുള്ള പ്രചാരണം വേണമെന്ന് രാഹുല്‍ ഗാന്ധി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. വെറും പ്രാദേശിക വിഷയങ്ങള്‍ മാത്രം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാഹുല്‍ നിര്‍ദേശിച്ചു.
ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു. സഖ്യം വേണ്ട എന്ന് തീരുമാനമായി. എന്നാല്‍ നീക്കുപോക്കുകള്‍ ആകാം. പ്രാദേശിതലത്തില്‍ നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും യോഗത്തില്‍ തീരുമാനമായി.
ഫെബ്രുവരി 25നകം മുഴുവന്‍ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. വിശദമായ പട്ടിക 25നകം ഹൈക്കമാന്റിന് നല്‍കണമെന്നും നിര്‍ദേശം നല്‍കി. കേരളത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ ഇതിനെ എതിര്‍ക്കുകയാണ്. വിഷയത്തില്‍ സിപിഎം ധാരണയിലെത്തിയിട്ടില്ല.












Click it and Unblock the Notifications