കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിസിയാണ്, റിസോര്‍ട്ടില്‍ അന്താക്ഷരിയും കായിക മത്സരവുമായി അടിപൊളി മൂഡ്
ദില്ലി: രാജസ്ഥാനില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എംഎല്‍എമാരെല്ലാം പക്ഷേ ജോളി മൂഡിലാണ്. എട്ട് വോട്ടുകളെങ്കിലും വേണം മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍. അതുകൊണ്ടാണ് എംഎല്‍എമാരെയെല്ലാം റിസോര്‍ട്ടിലേക്ക് മുഖ്യമന്ത്രി എത്തിച്ചത്. അശോക് ഗെലോട്ടിന് ഈ മൂന്ന് സീറ്റിലും വിജയിക്കേണ്ടത് രാഷ്ട്രീയമായ കരുത്ത് ഉറപ്പിക്കുന്നതിനും ആവശ്യമാണ്.
ഇപ്പോള്‍ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഇവിടെ അടിച്ച് പൊളിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുള്ള ദൈനംദിന കാര്യങ്ങളാണ് ഏറ്റവും ചര്‍ച്ചയായിരിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്രരുമാണ് റിസോര്‍ട്ടിലുള്ളത്. ഇവര്‍ അന്താക്ഷരി കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അത് മാത്രമല്ല കായിക വിനോദങ്ങളും ഇവര്‍ക്ക് ഉദയ്പൂരിലെ റിസോര്‍ട്ടിലായി ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ പോലും എംഎല്‍എമാര്‍ക്ക് ക്രോസ് വോട്ടിംഗ് ചെയ്യാന്‍ തോന്നരുതെന്നാണ് നിര്‍ദേശം. അതിനാണ് ഇവരെ ആക്ടീവായി ഓരോ റിഫ്രഷ്‌മെന്റ് പരിപാടിയിലും പങ്കാളിയാക്കുന്നത്. എട്ടോളം എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്യുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് ക്യാമ്പിനെ അലട്ടുന്നത്. സച്ചിന്‍ പൈലറ്റ് ക്യാമ്പിനെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് മുഖ്യമന്ത്രി.

സായാഹ്നങ്ങളില്‍ സാംസ്‌കാരിക പരിപാടികളാണ് റിസോര്‍ട്ടില്‍ അരങ്ങേറുന്നത്. ഒപ്പം കായിക വിനോദങ്ങളും മാജിക് ഷോകളുമുണ്ട്. താജ് ആരവല്ല റിസോര്‍ട്ടിലാണ് എംഎഎല്‍എമാര്‍ താമസിക്കുന്നത്. ഇത് ആഢംബര റിസോര്‍ട്ടാണ്. ഇവിടെ തന്നെ സ്പായും ഉണ്ട്. പ്രമുഖ മജീഷ്യന്‍ ആഞ്ചലിന്റെ മാജിക് ഷോയാണ് തിങ്കളാഴ്ച്ച റിസോര്‍ട്ടില്‍ നടന്നത്. എംഎല്‍എമാരൊക്കെ ശരിക്കും ആവേശത്തിലായിരുന്നു ഈ ഷോയ്ക്ക് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ടും ഈ ഷോ കാണാനെത്തിയിരുന്നു. രാവിലെ ചില എംഎല്‍എമാര്‍ ജിമ്മില്‍ പോകും. മറ്റുള്ളവര്‍ ഹോട്ടലിനുള്ളില്‍ തന്നെയുള്ള പൂന്തോട്ടത്തില്‍ പ്രഭാത സവാരിക്കും പോകാറുണ്ട്.

എംഎല്‍എമാര്‍ക്ക് ഒരു കുറവും വരുത്തരുതെന്നാണ് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംഎല്‍എമാര്‍ ക്രിക്കറ്റ് കളിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ചിലര്‍ക്ക് താല്‍പര്യം നീന്തലിലാണ്. വനിതാ എംഎല്‍എമാരാണ് വ്യത്യസ്തമായ മത്സരങ്ങള്‍ നടത്തുന്നത്. അന്താക്ഷരിയാണ് ഇവര്‍ക്ക് താല്‍പര്യമുള്ള കാര്യം. ഒപ്പം അതുപോലുള്ള മറ്റ് പ്രവര്‍ത്തനങ്ങളറുമുണ്ട്. ഹോട്ടലിലെ തിയേറ്ററില്‍ എംഎല്‍എമാര്‍ക്കായി സിനിമാ പ്രദര്‍ശനവും നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര സംഘടനാ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒരു യോഗവും ഇതിനിടെ നടത്തിയെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി.

ഈ റിസോര്‍ട്ടില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്നായിരുന്നു ഈ തീരുമാനം. ബിജെപിയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ജയ്പൂരിലുള്ള ദേവി രത്‌ന ഹോട്ടലിലേക്കാണ് ബിജെപി എംഎല്‍എമാരെ മാറ്റിയത്. എന്നാല്‍ ഇത് ട്രെയിനിംഗ് ക്യാമ്പ് മാത്രമാണെന്ന് ബിജെപി പറയുന്നു. ബിജെപി എംഎല്‍എമാര്‍ക്കും ചിട്ടയായ ക്രമങ്ങള്‍ ഹോട്ടലിലുണ്ട്. യോഗയും വ്യായാമ മുറകളുമൊക്കെയാണ് അവര്‍ക്കുള്ളത്. എംഎല്‍എമാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങളെല്ലാം സംസ്ഥാന നേതൃത്വം വിവരിച്ച് നല്‍കുന്നുണ്ട്.

അതേസമയം നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ കഷ്ടപ്പെടുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ സുഖിക്കുകയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടൊന്നും അവര്‍ കാണുന്നില്ലെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഉച്ചയോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഇവരെ ഹോട്ടലിലേക്ക്് മാറ്റും. ജൂണ്‍ പത്തിന് ഇവരെ വോട്ടിംഗിനായി നിയമസഭയിലെത്തിക്കും. തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് നേതാവ് പരാതിയും നല്‍കിയിട്ടുണ്ട്. കുതിരക്കച്ചവടത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിന് 123 സീറ്റുണ്ടെങ്കില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.












Click it and Unblock the Notifications