സോണിയയെ അധിക്ഷേപിച്ചു; അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപിയാണ് രാജ്യസഭയില്‍ അവകാശലംഘന പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ അമിത് ഷാ സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ജയ്‌റാം രമേശ് ആരോപിച്ചു.
സോണിയയെ അപകീര്‍ത്തിപ്പെടുത്താനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ ഉദ്ദേശ്യത്തോടെയാണ് അമിത് ഷാ അങ്ങനെ ചെയ്തതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 'രാജ്യസഭാംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അമിത് ഷായ്ക്കെതിരെ രാജ്യസഭ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 188 പ്രകാരം അവകാശലംഘന നോട്ടീസ് നല്‍കുന്നു,' ജയ്‌റാം രമേശ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് അയച്ച കത്തില്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അവരെ വ്യക്തമായി സൂചിപ്പിക്കുകയും അവരുടെ മേല്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആഭ്യന്തരമന്ത്രി അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തികച്ചും വ്യാജവും അപകീര്‍ത്തികരവുമാണ് എന്നും അദ്ദേഹം പറഞ്ഞു..
മാര്‍ച്ച് 25 ന് രാജ്യസഭയില്‍ 2024 ലെ ദുരന്തനിവാരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെ അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ ആണ് ജയ്‌റാം രമേശിന്റെ നടപടി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി കോണ്‍ഗ്രസ് ഭരണകാലത്താണ് സ്ഥാപിതമായത് എന്നും അന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു കുടുംബമാണ് രാജ്യം നിയന്ത്രിച്ചിരുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. 'രാജ്യത്തെ ജനങ്ങള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും? ആരും അത് വായിക്കുകയോ കാണുകയോ ചെയ്യുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ,' അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എന്‍ഡിഎയുടെയും കാലത്താണ് പിഎം-കെയേഴ്‌സ് ഫണ്ട് സ്ഥാപിതമായത് എന്നും അമിത് ഷാ പറഞ്ഞിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍, മറ്റ് അടിയന്തരാവസ്ഥകള്‍ എന്നിവയാല്‍ ബാധിച്ചവര്‍ക്ക് സഹായം നല്‍കുന്നതിനായി 1948-ല്‍ ആണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിതമായത്. ഇത് പ്രധാനമന്ത്രി കൈകാര്യം ചെയ്യുകയും ഒരു പൊതു ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒന്നാണ്.
ഇതിനു വിപരീതമായി കൊവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 2020 ല്‍ ആണ് പിഎം കെയര്‍ ഫണ്ട് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി നിന്ന് വ്യത്യസ്തമായി, പിഎം കെയേഴ്‌സ് ഫണ്ട് പരിശോധനയ്ക്ക് വിധേയമല്ല.












Click it and Unblock the Notifications