പാര്‍ലമെന്റ് തുടങ്ങാനിരിക്കെ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍; മാധ്യമങ്ങളെ കാണവെ പോലീസ് എത്തി
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം രാകേഷ് റാത്തോഡ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന് കാണിച്ച് ഒരു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളിയിരുന്നു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് യുവതിയുടെ പരാതി എന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ സിതാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് രാകേഷ് റാത്തോഡ്. ഈ മാസം 17നാണ് യുവതി ഇദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാകേഷ് റാത്തോഡ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. സിതാപൂര്‍ കോടതി 23ന് ഹര്‍ജി തള്ളി.
തുടര്‍ന്ന് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരവിന്ദ് മസ്ദലന്‍, ദിനേശ് ത്രിപാഠി എന്നീ അഭിഭാഷകരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്. നാല് വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തിലാണ് യുവതി ഇപ്പോള്‍ പരാതിപ്പെട്ടിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ ബെഞ്ച് ജാമ്യ ഹര്‍ജി തള്ളി.
കെട്ടിച്ചമച്ച കേസാണിത് എന്ന പ്രതിഭാഗത്തിന്റെ ആരോപണം കോടതി പരിഗണിച്ചില്ല. രണ്ടാഴ്ച്ചയ്ക്കകം സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി ബുധനാഴ്ച നിര്‍ദേശിക്കുകയും ചെയ്തു. ഇന്ന് സിതാപൂരിലെ വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണവെയാണ് പോലീസ് എത്തിയതും എംപിയെ അറസ്റ്റ് ചെയ്തതും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം.
പാര്‍ലമെന്റിന്റെ ബജറ്റ് സ്‌മ്മേളനം നാളെ ആരംഭിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. ശനിയാഴ്ചയാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്. വിവാദമായ വഖഫ് ഭേദഗതി ബില്ല് ഉള്‍പ്പെടെ ഈ സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications