''ഇവിഎമ്മില്‍ എനിക്ക് പൂര്‍ണവിശ്വാസം''; പാര്‍ട്ടി നിലപാട് തള്ളി കാര്‍ത്തി ചിദംബരം
കോണ്‍ഗ്രസ് ഇവിഎമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്

റായ്പൂര്‍: ഇ വി എമ്മുകളില്‍ കൃത്രിമത്വം നടത്താനാകും എന്ന് താന്‍ കരുതുന്നില്ല എന്ന് കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം. ഇ വി എമ്മിന്റെ വിശ്വാസ്യതയെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ചോദ്യം ചെയ്യുമ്പോഴാണ് കാര്‍ത്തി ചിദംബരത്തിന്റെ വിപരീത നിലപാട്.
വോട്ടെടുപ്പിന് ബാലറ്റുകള്‍ തിരിച്ചുകൊണ്ട് വരണം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിനിടെ ആണ് തന്റെ നിലപാട് കാര്‍ത്തി ചിദംബരം വ്യക്തമാക്കിയത്. റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തി ചിദംബരം.
ഇ വി എം വഴിയുള്ള വോട്ടെടുപ്പില്‍ എന്റെ പാര്‍ട്ടിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. അത് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ എനിക്ക് പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ല. ഇത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്, എന്നായിരുന്നു കാര്‍ത്തി ചിദബംരം പറഞ്ഞത്.

ഇ വി എം വഴി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും ജയിച്ചിട്ടുണ്ട് എന്നും കാര്‍ത്തി ചിദംബരം ചൂണ്ടിക്കാട്ടി. ഇ വി എം ഒരു 'സ്റ്റാന്‍ഡലോണ്‍ മെഷീന്‍' ആണ് എന്നും കാര്‍ത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു. ഇ വി എമ്മിന്റെ കാര്യക്ഷമതയില്‍ തനിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ട് എന്നും കാര്‍ത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഇ വി എം ഒരു കരുത്തുറ്റ യന്ത്രമാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു നെറ്റ്വര്‍ക്കില്‍ അല്ല ഇ വി എം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അതിന്റെ ഫലപ്രാപ്തിയില്‍ താന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു എന്നും കാര്‍ത്തി ചിദംബരം ഊന്നിപ്പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ്, ഇലക്ട്രല്‍ ബോണ്ടുകള്‍, ഇ വി എം, ജമ്മു-കശ്മീര്‍ സംസ്ഥാന പദവി തുടങ്ങിയ വിഷയങ്ങളില്‍ 58 പോയിന്റുകളുള്ള രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ചു.
ഇ വി എം വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത് മുന്‍പ് സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യും എന്നും കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തെ 14-ലധികം രാഷ്ട്രീയ പാര്‍ട്ടികളും നിരവധി പ്രമുഖ ആക്ടിവിസ്റ്റുകളും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരും ഇ വി എമ്മുകളുടെ കാര്യക്ഷമതയില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം വിഷയത്തില്‍ ഓരോ വോട്ടറുടെയും വിശ്വാസം വീണ്ടെടുക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇ വി എം ഗൗരവമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications