
'വര്‍ധിത വീര്യമുളള നേതാവ്', ഉത്തർപ്രദേശിലെ വിജയത്തിന് നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നൽകി ശശി തരൂർ
ജയ്പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വര്‍ധിത വീര്യമുളള നേതാവാണ് പ്രധാനമന്ത്രിയെന്ന് ശശി തരൂര്‍ പറഞ്ഞു. '' പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ധിത വീര്യവും ഊര്ജവുമുളള വ്യക്തിയാണ്. അദ്ദേഹം ചെയ്ത ചില കാര്യങ്ങള്‍, പ്രത്യേകിച്ച് ചില രാഷ്ട്രീയ നീക്കങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്ന് നമ്മളാരും കരുതിയില്ല. എന്നാല്‍ അദ്ദേഹമത് നേടി'', ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ ശശി തരൂര്‍ പറഞ്ഞു.
''ഒരിക്കല്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ ബിജെപിയെ അമ്പരപ്പിക്കും. എന്നാല്‍ ഇന്ന് ബിജെപിക്ക് വേണ്ടതാണ് അവര്‍ നല്‍കിയിരിക്കുന്നത്''. പ്രധാനമന്ത്രിയെ പുകഴ്ത്തിയതിനൊപ്പം ശശി തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു. സമുദായപരമായും മതപരമായും രാജ്യത്തെ വിഭജിക്കുന്ന തരത്തിലുളള ശക്തികളെ ആണ് പ്രധാനമന്ത്രി സമൂഹത്തിലേക്ക് തുറന്ന് വിട്ടിരിക്കുന്നതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. അത് സമൂഹത്തില്‍ ദൗര്‍ഭാഗ്യകരമായ തരത്തില്‍ വിഷവീര്യം കുത്തിവെച്ചിരിക്കുകയാണ് എന്നും തരൂര്‍ പറഞ്ഞു.
''ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം നേരത്തെ കരുതിയിരുന്നത് പോലെ തന്നെ ആണെന്ന ചില രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനം തന്നെ അത്ഭുതപ്പെടുത്തി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നത് വരെ വളരെ കുറച്ച് പേര് മാത്രമേ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നുളളൂ. ബിജെപി ഇത്രയും ഭൂരിപക്ഷത്തില്‍ യുപിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്വാദി പാര്‍ട്ടിക്ക് സീറ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സാധിച്ചു. അതുകൊണ്ട് തന്നെ അവര്‍ക്ക് ശക്തമായ പ്രതിപക്ഷമാകാന്‍ സാധിക്കും'', ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധി വളരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയാണ് നടത്തിയതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരാളുടെ പ്രചാരണം മാത്രമാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്ന് പറയാനാകില്ല. പ്രശ്നങ്ങള്‍ അതിലും വലുതാണ്. ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ നിങ്ങള്‍ക്ക് എല്ലായിടത്തും കാണാമായിരുന്നു. എത്രയോ തവണ അവരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അവര്‍ സംസ്ഥാനത്ത് മുഴുവന്‍ ഓടി നടക്കുകയായിരുന്നു എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.