'ചുവടൊന്ന് പിഴച്ചു, വീണു..'; പാര്‍ലമെന്റില്‍ കാല് തെന്നി വീണ് ശശി തരൂരിന് പരിക്ക്
ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കാല് തെന്നി വീണ് കോണ്‍ഗ്രസ് എം പി ശശി തരൂരിന് പരുക്ക്. ശശി തരൂര്‍ തന്നെയാണ് അപകടം പറ്റിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പാര്‍ലമെന്റില്‍ കാല് തെറ്റി വീഴുകയായിരുന്നു എന്നും കാലിന് ഉളുക്ക് ഉണ്ട് എന്നും ശശി തരൂര്‍ പറഞ്ഞു. തനിക്ക് ഇന്ന് പാര്‍ലമെന്റില്‍ പോകാന്‍ സാധിച്ചില്ല എന്നും ശശി തരൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
താന്‍ പങ്കെടുക്കാമെന്നേറ്റ വാരാന്ത്യ പരിപാടികള്‍ റദ്ദാക്കിയതായും ശശി തരൂര്‍ പറഞ്ഞു. ശശി തരൂരിന്റെ ഇടത് കാലിലാണ് പരിക്കേറ്റിരിക്കുന്നത്. വീണ് കുറച്ച് നേരം കാര്യമായി കരുതിയിരുന്നില്ല എന്നും എന്നാല്‍ പിന്നീട് വേദന വല്ലാതെ മൂര്‍ച്ഛിച്ചു എന്നും ശശി തരൂര്‍ പറഞ്ഞു.

അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു എന്നും ഇപ്പോള്‍ താന്‍ കിടപ്പിലാണ് എന്നും ശശി തരൂര്‍ പറയുന്നു. കാലിലെ പരിക്കിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പാര്‍ലമെന്റ് നടപടികളില്‍ ശശി തരൂര്‍ സജീവമായി പങ്കെടുത്തിരുന്നു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
1962-ല്‍ ചൈനയുമായുള്ള യുദ്ധസമയത്തും അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു എന്നും എല്ലാവരെയും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. 100-ലധികം എംപിമാര്‍ സംസാരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
ഒരു ജനാധിപത്യത്തില്‍ ഇവ സംഭവിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് പാര്‍ലമെന്ററി ഉത്തരവാദിത്തം ആവശ്യമാണ്. രാജ്യസുരക്ഷയുടെ കാര്യങ്ങളില്‍ ചില കാര്യങ്ങള്‍ രഹസ്യാത്മകമാണ്. എന്നാല്‍ നയപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ് എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications