കോണ്‍ഗ്രസിന് പുതിയ ചട്ടക്കൂട്; ദേശീയ അധ്യക്ഷന് കാലാവധി ഒരു വര്‍ഷം, നടപ്പാക്കുന്നത് വന്‍ മാറ്റങ്ങള്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി രാജിവച്ചത് വന്‍ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ തള്ളിയിട്ടത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. എന്നാല്‍ എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി തന്നെ നേതാക്കളോട് നിര്‍ദേശിച്ചതോടെ നടപടികള്‍ വേഗത്തിലാക്കി.
കോണ്‍ഗ്രസിന് പുതിയ ചട്ടകൂട് തയ്യാറാക്കിയിരിക്കുകയാണ് നേതാക്കള്‍. പുതിയ പ്രസിഡന്റിന് ഒരുവര്‍ഷം കാലാവധി മാത്രമേ ഉണ്ടാകൂ എന്നാണ് ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടുത്താഴ്ച ചേര്‍ന്ന് പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

ഓഗസ്റ്റില്‍ തന്നെ പുതിയ അധ്യക്ഷന്‍
ഓഗസ്റ്റില്‍ തന്നെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കാനാണ് നീക്കം. പ്രൊവിഷണല്‍ പ്രസിഡന്റ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പദവിയെ വിശേഷിപ്പിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നേക്കില്ലെന്നാണ് സൂചന.

ഒരു വര്‍ഷമാണ് കാലാവധി
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ററിം പ്രസിഡന്റിനെ നിയമിക്കുമെന്നാണ് മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ പറയുന്നത് ഇന്ററിം പ്രസിഡന്റല്ല, പ്രൊവിഷണല്‍ പ്രസിഡന്റിനെയാണ് നിയമിക്കുന്നത് എന്നാണ്. ഒരു വര്‍ഷമാണ് പുതിയ പ്രസിഡന്റിന്റെ കാലാവധിയെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍
ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സാഹചര്യത്തില്‍ ദേശീയ പ്രസിഡന്റ് ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പ് സാധ്യമല്ല
2020 ജൂണ്‍ വരെ സംഘടനാ തിരഞ്ഞെടുപ്പ് സാധ്യമല്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. കാരണം ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നു. ഈ വേളയില്‍ സംഘടനാ തിരഞ്ഞെടുപ്പിന് സമയം കളയാന്‍ സാധിക്കില്ലെന്നും അതിന് ശേഷമേ സംഘടനാ തിരഞ്ഞെടുപ്പ് നടക്കു എന്നുമാണ് നേതാവിന്റെ പ്രതികരണം.

താനില്ലെന്ന് പ്രിയങ്കാ ഗാന്ധി
രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ പ്രിയങ്കാ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രിയങ്ക ആവശ്യം തള്ളി. താന്‍ ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രിയങ്ക യോഗത്തില്‍ തുറന്നുപറഞ്ഞതോടെ ഗാന്ധി കുടുംബത്തിന് പുറത്തുള്ള വ്യക്തി ദേശീയ അധ്യക്ഷനായി എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications