സിദ്ധരാമയ്യ തുടരും, ഡികെ മുഖ്യമന്ത്രിയാകില്ല; ഒടുവില്‍ നിലപാട് വ്യക്തമാക്കി ഹൈക്കമാന്റ്
ബെംഗളൂരു: കര്‍ണാടകയില്‍ തല്‍ക്കാലം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റില്ലെന്ന് ഹൈക്കമാന്റ്. മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായ രണ്‍ദീപ് സുര്‍ജേവാല സംസ്ഥാന സര്‍ക്കാരില്‍ നേതൃ മാറ്റത്തിന് പദ്ധതിയൊന്നുമില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കിടയിലെ അതൃപ്തി പുകയുന്നതിനിടെ സുര്‍ജേവാല ബെംഗളൂരുവില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റുന്നത് സംബന്ധിച്ച ചോദ്യമുദിക്കുന്നില്ല എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്റിന്റെ ശ്രദ്ധ ഭരണത്തിലാണ് എന്നും വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഡി കെ ശിവകുമാറിനായി ഒരു വിഭാഗം എം എല്‍ എമാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റിലും മന്ത്രിസഭയിലും പ്രധാന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഈ മുന്നണിയിലെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ശിവകുമാറിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ശിവകുമാറിനെ പിന്തുണച്ച എം എല്‍ എമാരില്‍ ഇക്ബാല്‍ ഹുസൈനും ഉള്‍പ്പെടുന്നു.
138 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 100 പേര്‍ ഉപമുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നേതൃ മാറ്റം സാധ്യമാകുമെന്ന പ്രചാരണം സിദ്ധരാമയ്യ ഇന്നലെ തള്ളിക്കളഞ്ഞു. ശിവകുമാറുമായി നല്ല ബന്ധത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആണ് കോണ്‍ഗ്രസ് മിന്നുന്ന ജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ ശിവകുമാര്‍ വലിയ പങ്ക് വഹിച്ചതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള നേതാവായി ഉയര്‍ത്തി കാട്ടിയിരുന്നു. എന്നാല്‍ സിദ്ധരാമയ്യയ്ക്കാണ് നറുക്ക് വീണത്. അന്ന് റൊട്ടേഷന്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ധാരണയിലെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ അന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇത് ഒരിക്കലും സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം മന്ത്രിസഭാ പുനഃസംഘടന ശിവകുമാറിന് വേണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ 2028 ല്‍ അവസാനിക്കുന്ന സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലാവധി മുഴുവന്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും. ബഹുജന നേതാവെന്ന നിലയില്‍ സിദ്ധരാമയ്യയുടെ പ്രതിച്ഛായ ഒരു നേട്ടമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.












Click it and Unblock the Notifications