ഹരിയാന പിടിക്കാന്‍ സജ്ജമായി കോണ്‍ഗ്രസ്: നാലാംഘട്ട പട്ടിക പുറത്തിറക്കി, ഇടംപിടിച്ചത് 5 പേർ
ഛണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. അഞ്ച് സ്ഥാനാർത്ഥികളാണ് ബുധനാഴ്ച രാത്രി വൈകി പുറത്തിറക്കിയ പത്രികയില്‍ ഇടം നേടിയിരിക്കുന്നത്. 40 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ പകലും പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഹരിയാന മുൻ യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻ കുന്ദുവിനെ പാനിപ്പത്ത് റൂറൽ സീറ്റിലേക്കും സംസ്ഥാന യുവജന വിഭാഗം വക്താവ് രോഹിത് നഗറിനെ ടിഗാവോണിലും മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
അംബാല കാന്റ് സീറ്റിലേക്ക് പരിമൾ പാരി, നർവാന-എസ്‌സി സംവരണ സീറ്റിലേക്ക് സത്ബീർ ദുബ്ലെൻ, റാനിയയ്ക്ക് സർവ മിത്ര കാംബോജ് എന്നിങ്ങനെയാണ് കോൺഗ്രസ് പേര് നൽകിയത്. ഇവരെ കൂടാതെ അംബാല കാന്ത് സീറ്റിലേക്ക് പരിമൾ പാരിയെയും നർവാന-എസ്‌സി സംവരണ സീറ്റിലേക്ക് സത്ബീർ ദുബ്ലെനെയും റാനിയ സീറ്റില്‍ സർവ മിത്ര കാംബോജിനേയും മത്സരിപ്പിക്കാനാണ് തീരുമാനം. ഈ സീറ്റുകളുടെ കാര്യത്തില്‍ ചില തർക്കങ്ങള്‍ നിലനിന്നിരുന്നതിനാലാണ് പ്രഖ്യാപം വൈകിയതെന്നാണ് സൂചന.

90 അംഗ നിയമസഭയിലേക്കുള്ള 85 സ്ഥാനാർത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള സീറ്റുകളിലേക്കും ഉടന്‍ പ്രഖ്യാപനം നടത്തി പ്രചരണം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
മൂന്നാം പട്ടികയിൽ കോൺഗ്രസ് രാജ്യസഭാ എംപി രൺദീപ് സുർജേവാലയുടെ മകൻ ആദിത്യയെ കൈതാൽ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ശ്രദ്ധേയമായി മാറിയത്.
പൽവാൽ മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മരുമകൻ കരൺ ദലാലിനും കലയാട്ട് മണ്ഡലത്തിൽ എംപി ജയ് പ്രകാശിൻ്റെ മകൻ വികാസ് സഹാറനും കോണ്‍ഗ്രസ് ടിക്കറ്റ് നൽകിയിട്ടുണ്ട്. ഈ രണ്ട് നേതാക്കളും തങ്ങളുടെ പേരുകൾ കോൺഗ്രസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.
കോസാലി നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ ഗുഡ്ഗാവ് എംപിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജിത് സിങ്ങിൻ്റെ സഹോദരൻ റാവു യദുവേന്ദർ സിങ്ങിന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയും പകരം ജഗദീഷ് യാദവിനെ മത്സരിപ്പിക്കുകയും ചെയ്തു. റാവു യദുവേന്ദർ സിംഗ് 2019 ൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയാണുണ്ടായത്.
പട്ടൗഡിയിൽ പേൾ ചൗധരി, അറ്റേലിയിൽ അനിത യാദവ്, കർണാലിൽ സുമിത വിർക്ക്, മുലാനയിൽ പൂജ ചൗധരി, ബല്ലാബ്ഗഡിൽ പരാഗ് ശർമ എന്നിവരാണ് മൂന്നാം പട്ടികയിൽ ടിക്കറ്റ് ലഭിച്ച സ്ത്രീകള്‍. 2019ൽ മുലാനയിൽ നിന്ന് വിജയിക്കുകയും ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അംബാലയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വരുൺ ചൗധരിയുടെ ഭാര്യയാണ് പൂജ ചൗധരി.
മുൻ മുഖ്യമന്ത്രി ഭജൻ ലാലിൻ്റെ മൂത്ത മകനും ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിലെ മുൻ ഉപമന്ത്രിയുമായ ചന്ദർ മോഹനാണ് പഞ്ച്കുളയിൽ നിന്ന് മത്സരിക്കുന്നത്. മറ്റൊരു മുൻ മുഖ്യമന്ത്രി ചൗധരി ബൻസി ലാലിൻ്റെ മരുമകൻ സോംബീർ സിങ്ങിനെ ബധ്ര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു.
അടുത്ത മാസം അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടാം തിയതി വോട്ടെണ്ണലും നടക്കും. 2014 മുതല്‍ തുടരുന്ന ഭരണം ഇത്തവണം നിലനിർത്താമെന്ന് ബി ജെ പി കരുതുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണ് ബി ജെ പിക്ക് മുന്നില്‍ ഉയർത്തുന്നത്.












Click it and Unblock the Notifications