പാർട്ടി പ്രവർത്തകന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവർ; തെലങ്കാനയിൽ പുതിയ നീക്കവുമായി കോൺഗ്രസ്
ദില്ലി; പാർട്ടിയിലെ ഓരോ അംഗത്തിനും അപകട ഇൻഷുറൻസ് പരിരക്ഷ നൽകാൻ തെലങ്കാന കോൺഗ്രസ്. സംസ്ഥാനത്ത് അംഗത്വ വിതരണത്തിന്റെ ഭാഗമായാണ് നടപടി. ഇതിനോടകം 39 ലക്ഷത്തോളം പേർ പാർട്ടിയിൽ അംഗത്വം എടുത്തുവെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ഇവർക്കെല്ലാവർക്കും രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
തെലങ്കാനയിൽ ഡിജിറ്റൽ അംഗത്വം വിതരണം പുരോഗമിക്കുകയാണ്. ഓരോ അംഗത്തിനും 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകാനാണ് പാർട്ടി തിരുമാനം. തെലങ്കാനയിൽ നിന്നുള്ള പ്രാദേശിക, സംസ്ഥാന നേതാക്കൾ ഈ ഇൻഷുറൻസ് പദ്ധതിക്കായി പണം കണ്ടെത്തും. ഇതുവരെ 39 ലക്ഷം അംഗങ്ങളെ എൻറോൾ ചെയ്തിട്ടുണ്ട്, അവർക്കുള്ള ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ തെലങ്കാന കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്, തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി അംഗം മണിക്കം ടാഗോർ പറഞ്ഞു.

കോൺഗ്രസ് ഒരു കുടുംബമാണ്, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഓരോ പ്രവർത്തകനുമൊപ്പം നിൽക്കുന്നു, പാർട്ടിയും അവർക്കൊപ്പം നിൽക്കും. ഇതാണ് രാഹുൽ ഗാന്ധിയുടെ പ്രത്യയശാസ്ത്രം, തെലങ്കാനയിൽ കോൺഗ്രസ് ഈ പരീക്ഷണ പദ്ധതി ആരംഭിച്ച് കഴിഞ്ഞു, തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു. മുൻപ് കെ സി ആറിന്റെ ഈ ആശയം ടി ആർ എസ് മികച്ച രീതിയിൽ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോൺക്രസിന്റേയും നീക്കം.
പാർട്ടി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ ചിന്തയാണ് ഇപ്പോഴത്തെ തിരുമാനത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. വലിയ ജനപിന്തുണയുള്ള നേതാവാണ് രേവന്ത്. അതുകൊണ്ട് തന്നെ പുതിയ പദ്ധതി ഫലം കാണുമെന്നാണ് പാർട്ടി പ്രതീക്ഷ.
2023 ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. തീപ്പൊരി നേതാവായ രേവന്ത് റെഡ്ഡിയെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതോടെ സംസ്ഥാനത്ത് ഊർജ്ജം കൈവരിച്ച നിലയിലാണ് കോൺഗ്രസ്. ഇതിനോടകം തന്നെ പാർട്ടിയെ താഴെ തട്ടിൽ ശക്തിപ്പെടുത്താനുള്ള നിക്കങ്ങൾ രേവന്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മാത്രമല്ല മറ്റ് പാർട്ടികളിലെ നേതാക്കൾ ഇതിനോടകം കോൺഗ്രസിൽ എത്തിയിട്ടുണ്ട്. ടി ആർ എസിൽ നിന്നും ബി ജെ പിയിൽ നിന്നും ഉൾപ്പെടെയുള്ള പ്രമുഖരായ നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.












Click it and Unblock the Notifications