രാഹുൽ ഗാന്ധി ബ്രാഹ്മണൻ, ശക്തിസിംഗ് രാജ്പുത്.. ബിഹാറിൽ കോൺഗ്രസിന്റെ ജാതിക്കളി
പാറ്റ്‌ന: ബിജെപിയെ 2019ല്‍ വീണ്ടും അധികാരത്തിലെത്തുന്നതില്‍ നിന്നും തടയുക എന്ന ലക്ഷ്യത്തോടെ മൃദുഹിന്ദുത്വം അടക്കമുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹിമാലയ യാത്രയും ശിവഭക്തിയുമെല്ലാം അതിന്റെ ഭാഗം തന്നെ. മധ്യപ്രദേശില്‍ രാഹുലിനെ ശിവഭക്തനാക്കി പോസ്റ്ററുകള്‍ പോലും അടിച്ചിറക്കി.
ബീഹാറില്‍ കോണ്‍ഗ്രസ് പയറ്റുന്നത് ജാതി കാര്‍ഡാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ജാതി രേഖപ്പെടുത്തിയ പോസ്റ്ററുകളുമായാണ് പ്രചാരണം. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയിലെ ഇന്‍കം ടാക്‌സ് ചൗഹാരയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയുടേയും മറ്റ് നേതാക്കളുടേയും ജാതി രേഖപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിനകത്തെ സാമൂഹിക ഐക്യത്തിന് ഉദാഹരണം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം പോസ്റ്ററിലുള്ളത് ബീഹാറിന്റെ ചുമതലയുള്ള ശക്തിസിംഗ് ഗോലിയും അല്‍പേഷ് ടാക്കൂറും അടക്കമുള്ളവരാണ്. രാഹുല്‍ ഗാന്ധിയെ ബ്രാഹ്മണനെന്നും ശക്തിസിംഗ് ഗോലിയെ രാജ്പുത് എന്നും പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ ജാതിയും ഓരോരുത്തരുടേയും ചിത്രത്തിന് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ദളിത്, ഭൂമിഹാര്‍, രജപുത്രര്‍ എന്നിങ്ങനെ പോകുന്നു ജാതിപ്പേരുകള്‍. ജാതി രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാണിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് എതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിഹാറിലെ ബിജെപി വക്താവ് നിഖില്‍ ആനന്ദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പുതിയ വിവാദത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications