കൊവിഡിൽ കുരുങ്ങി ചൗഹാൻ;നിർണായകനീക്കവുമായി കമൽനാഥ്,ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്,ബിജെപി നേതാക്കളെ ചാടിക്കും
ഭോപ്പാൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. 1300 ഓളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60 പേരോളം വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ദിവസവുമന്നോണം കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇതുവരെ മന്ത്രിസഭ വികസിപ്പിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗിന് സാധിച്ചിട്ടില്ല. മന്ത്രി സ്ഥാനം സംബന്ധിച്ച് ബിജെപിയിലും സിന്ധ്യപക്ഷത്തും ഭിന്നതകൾ ശക്തമായതും ചൗഹാന് തലവേദന ആയിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയ്ക്കിടെ ബിജെപിയെ പൂട്ടാൻ നിർണായക തന്ത്രങ്ങളാണ് കോൺഗ്രസ് പക്ഷത്ത് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

ബിജെപിയെ പൊളിക്കാൻ കോൺഗ്രസ്
കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയ മാതൃകയിലാണ് മധ്യപ്രദേശിലും ബിജെപി കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചത്. കോൺഗ്രസ് എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 22 എംഎൽഎമാരേയും മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപി അധികാരം പിടിച്ചത്.

ആറ് മന്ത്രിമാർ
കമൽനാഥ് സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിനെ തള്ളി ബിജെപിയിലേക്ക് ചേക്കേറിയത്. ഇതോടെ 14 മാസം നീണ്ടുനിന്ന കോൺഗ്രസ് ഭരണത്തിന് സംസ്ഥാനത്ത് അന്ത്യം കുറിച്ചു. ബിജെപി അധികാരം തിരിച്ച് പിടിച്ചെങ്കിലും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി പാർട്ടിയ്ക്കും സർക്കാരിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

മന്ത്രിസഭ വികസനം
കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെ ചൊല്ലി ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ ഭരണത്തിൽ ഏറി 25 ദിവസം പിന്നിട്ടിട്ടും ചൗഹാന് മന്ത്രി സഭ വികസിപ്പിക്കാനായിട്ടില്ല. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാത്ത സർക്കാരിനെ കോൺഗ്രസ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

തന്ത്രം മെനഞ്ഞ് കോൺഗ്രസ്
അതിനിടെ കൊവിഡ് പ്രതിസന്ധിയിൽ ബിജെപി വലയുമ്പോൾ വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിന് നിർണായക തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി കമൽനാഥും മുതിർന്ന നേതാവും കോൺഗ്രസ് എംപിയുമായ ദിഗ് വിജയ് സിംഗ് ആണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.

24 മണ്ഡലങ്ങളിൽ
കോൺഗ്രസിൽ നിന്നും രാജിവെച്ച 22 എംഎൽഎമാരുടെ മണ്ഡലത്തിൽ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിൽ ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. കോൺഗ്രസിന് 114 എംഎൽഎമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയി.

പരമാവധി സീറ്റുകൾ
സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും.ഉപതിരഞ്ഞെടുപ്പൽ പരമാവധി സീറ്റുകൾ വിജയിക്കാനായില്ലേങ്കിൽ ചൗഹാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആയേക്കും.

പ്രത്യേക ടീം
ഇത് മുന്നിൽ കണ്ട് എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു പ്രത്യേക ടീമിനെ തന്നെ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഉൾക്കൊള്ളുന്നതാണ് ടീം. ഓരോ മണ്ഡലത്തിലും ഈ ടീം അംഗങ്ങൾ നിരന്തരം സന്ദർശിക്കുകയും തന്ത്രങ്ങൾ കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

ചമ്പൽ ,ഗ്വാളിയാർ മേഖല
സിന്ധ്യയുടെ എതിർപക്ഷത്തുണ്ടായിരുന്ന നേതാക്കളുമായി ടീം അംഗങ്ങൾ പ്രത്യേക ചർച്ച നടത്തും. തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് നേതാക്കളുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സിന്ധ്യ പക്ഷത്തിന് നിർണായക സ്വാധീനം ഉണ്ടായിരുന്ന ചമ്പൽ, ഗ്വാളിയാർ മേഖലകളിൽ.

സുപ്രധാന പദവി വഹിച്ചത്
ഈ മേഖലകളിൽ നിലവിൽ ശക്തരായ നേതാക്കളുടെ അഭാവം കോൺഗ്രസ് നേരിടുന്നുണ്ട്. സിന്ധ്യ പക്ഷത്തുള്ള നേതാക്കളാണ് ഇവിടെ പാർട്ടിയുടെ സുപ്രധാന പദവികൾ വഹിച്ചിരുന്നത്. ചിലർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ചിലരാകട്ടെ ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നുണ്ട്.

കൂടുതൽ പൊട്ടിത്തെറി
പ്രാദേശിക ബിജെപി നേതാക്കളേയും മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. സിന്ധ്യയും മുൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ എത്തിയതിൽ ചില പ്രാദേശിക നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. മന്ത്രിസഭാ വികസനത്തിൽ സിന്ധ്യ പക്ഷത്തിന് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഇത് ബിജെപിയിൽ കൂടുതൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.

ബിഎസ്പിയേയും
മന്ത്രിസഭാ വികസനത്തിന് പിന്നാലെ ചില ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ബിഎസ്പിയുമായി സഖ്യത്തിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടാണ് കോൺഗ്രസ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് ഉറപ്പാക്കാനുള്ള ചർച്ചകളും കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്.

മന്ത്രിസഭ വികസനം
അതിനിടെ പ്രതിപക്ഷ വിമർശനം കടുത്തതോടെ മന്ത്രിസഭാ വികസത്തിന് തയ്യാറെടുക്കുകയാണ് ബിജെപിയെന്നാണ് സൂചന. 11 അംഗങ്ങളെ ഉൾക്കൊള്ളിച്ച് മന്ത്രിസഭ വിപുലീകരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അതേസമയം കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്കായി സിന്ധ്യ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബിജെപി നേതാക്കളും
ഇക്കാര്യം ആവശ്യപ്പെട്ട് സിന്ധ്യ കഴിഞ്ഞ ദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം സിന്ധ്യ ചരടുവലികൾ ശക്തമാക്കിയതോടെ മുതിർന്ന ബിജെപി നേതാക്കളും മന്ത്രിസ്ഥാനത്തിനായി നീക്കം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications