തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉത്തരാഖണ്ഡിൽ തന്ത്രം മാറ്റി കോൺഗ്രസ്; ലക്ഷ്യം സൈനിക വോട്ടുകൾ
ദില്ലി; അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത്
പതിവുകൾ തിരുത്തി കുറിച്ച് അധികാര തുടർച്ച നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ആഭ്യന്തര തർക്കങ്ങൾ പാർട്ടിക്കുള്ളിൽ രൂക്ഷമാണെങ്കിലും പുറത്തുവന്ന അഭിപ്രായ സർവ്വേകൾ ബി ജെ പിയുടെ ആത്മവിശ്വാസം ഉയർത്തുന്നതാണ്.
അതേസമയം സംസ്ഥാനത്ത് ഇത്തവണ യാതൊരു അത്ഭുതവും ഉണ്ടാകില്ലെന്നും തങ്ങൾ അധികാരത്തിലേറുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. ഭരണം പിടിക്കാനുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പരിപാടികളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി പേർ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സൈനിക കുടുംബങ്ങളിലെ വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. വിശദമായി വായിക്കാം

സൈനിക വോട്ട് ലക്ഷ്യം വെച്ച് കോൺഗ്രസ്
സൈനികരുടെ ഗണ്യമായ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇക്കുറി സംസ്ഥാനത്ത് നേട്ടം കൊയ്യാൻ നീക്കം നടത്തുന്ന ആം ആദ്മി പാർട്ടി ഇതിനോടകം തന്നെ സൈനിക വോട്ട് ഉറപ്പാക്കാൻ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി റിട്ട. ആർമി കേണൽ അജയ് കൊത്തിയാലിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മിയുടെ ഈ പ്രഖ്യാപനം വലിയ സ്വാധീനം പാർട്ടിക്ക് ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പിന്നാലെയാണ് സൈനിക വോട്ടുകൾ നേടുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ നടത്താൻ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

രാഹുൽ ഗാന്ധി പങ്കെടുക്കും
ഡിസംബർ 16 ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച രാജ്യത്തിന്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും ബംഗ്ലാദേശ് വിമോചന യുദ്ധ സേനാനികളെ ആദരിക്കുന്നതിനുമായി പ്രത്യേക പരിപാടി നടത്തും. രാഹുൽ ഗാന്ധി പരിപാടിയെ അഭിസംബോധന ചെയ്യും.

മുതിർന്ന സൈനികർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും
വ്യാഴാഴ്ച ഡെറാഡൂണിൽ നടക്കുന്ന വിജയ് സമ്മാന് റാലിയിൽ 1971 യുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന സൈനികർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉത്തരാഖണ്ഡിലെ പൗരി സ്വദേശിയായ ജനറൽ റാവത്തിനോടുള്ള ആദരവും റാലിയിൽ ഉണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദില്ലിയിൽ നടന്ന സമാപന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉത്തരാഖണ്ഡിലെ റാലിയും കോൺഗ്രസ് ഒരുക്കുന്നത്.

ജില്ലാ തലങ്ങളിലും പരിപാടികൾ
വീരമൃത്യു വരിച്ചവരേയും അവരുടെ വിധവകളെയും ആദരിക്കുന്നതിന് രാജ്യത്തുടനീളം ജില്ലാതലത്തിൽ ഉചിതമായ രീതിയിൽ പരിപാടികൾ നടത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ പറഞ്ഞു. മധ്യപ്രദേശ്, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് പരമാവധി ജില്ലാ യോഗങ്ങൾ നടന്നത്. രാജ്യത്തുടനീളം ഇത്തരത്തിൽ നൂറിലധികം യോഗങ്ങൾ കോൺഗ്രസ് ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ "സൈനിക സംസ്ഥാനങ്ങളിൽ" ജില്ലാ, ബ്ലോക്ക് തലങ്ങളിൽ 2021 ന് ശേഷവും പരിപാടികൾ നടത്തുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ദളിത് മുഖ്യമന്ത്രി
അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ദളിത് മുഖ്യമന്ത്രിയെ ഉയർത്തിക്കാണിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ദളിത് സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കാനാണെങ്കില്‍, മുഖ്യമന്ത്രിസ്ഥാനമോഹം ത്യജിക്കാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications