തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു; ലോക്‌സഭയും എല്ലാ നിയമസഭയും പിരിച്ചുവിടണമെന്ന് ഖാര്‍ഗെ
രാജ്യത്ത് അടുത്തിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും നിയമവിരുദ്ധമാണെന്നും ലോക്‌സഭയും എല്ലാം സംസ്ഥാനങ്ങളിലേയും നിയമസഭയും പിരിച്ചുവിടണം എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം നിയമവിരുദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്‌സഭയും നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് പുതിയ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് രാജ്യം മുഴുവന്‍ നിയമവിരുദ്ധമായ തിരഞ്ഞെടുപ്പുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. മോദി ഒരു നിയമവിരുദ്ധ പ്രധാനമന്ത്രിയാണ്, ഷാ ഒരു നിയമവിരുദ്ധ മന്ത്രിയാണ്, തിരഞ്ഞെടുക്കപ്പെട്ട എല്ലാ മുഖ്യമന്ത്രിമാരും നിയമവിരുദ്ധരാണ്. ഇവയെല്ലാം പിരിച്ചുവിടുകയും തിരഞ്ഞെടുപ്പുകള്‍ നടത്തുകയും വേണം,' അദ്ദേഹം പറഞ്ഞു.

ഇവിഎം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ആരോപിച്ച ഖാര്‍ഗെ അവരുടെ തന്നെ ആളുകള്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ നടപടികളില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്നും, സര്‍ക്കാര്‍ ഈ പ്രക്രിയയില്‍ പല തെറ്റുകളും വരുത്തുന്നതിലൂടെ ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യ മുന്നണി യോഗത്തില്‍ 20 പാര്‍ട്ടികളിലെ അംഗങ്ങളും അവരുടെ നിയമവിഭാഗം പ്രതിനിധികളും പങ്കെടുത്തു. ആ യോഗത്തില്‍, എസ്‌ഐആര്‍ നടപടികള്‍ രാജ്യത്തിന് ദോഷകരമാണെന്നും പാവപ്പെട്ടവര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, തൊഴിലാളികള്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എല്ലാവരും സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
ഒരു ബൂത്തില്‍ നിന്ന് 500 വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അത് എന്ത് തരത്തിലുള്ള സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം, പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി ഫോമുകള്‍ പൂരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, പിവി നരസിംഹ റാവു, രാജീവ് ഗാന്ധി തുടങ്ങിയ മുന്‍കാല നേതാക്കളാരും ജനാധിപത്യത്തില്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നിട്ടില്ലെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു. ' ഈ ദുരുപയോഗം നമ്മുടെ യുവാക്കളെയും പാവപ്പെട്ടവരെയും ദളിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു,' അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ശേഷിയുള്ള ഒരാള്‍ക്ക് എങ്ങനെയെങ്കിലും തന്റെ കാര്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും, എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍, ഒരു പാവപ്പെട്ട വ്യക്തിക്ക് തന്റെ ജോലി ഉപേക്ഷിച്ച് അത് തിരുത്താനോ പുതുക്കാനോ പോകേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണോ അതോ അത് നശിപ്പിക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം.
അതുകൊണ്ടാണ് ഞങ്ങള്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തതും എല്ലാവരോടും പ്രക്ഷോഭം ആരംഭിക്കാന്‍ ആവശ്യപ്പെട്ടതും. ഡല്‍ഹിയിലാണ് ആദ്യത്തെ പ്രക്ഷോഭം തുടങ്ങിയത്,' അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു.
'ജനങ്ങളെ ഉണര്‍ത്തുക എന്നതാണ് ഞങ്ങളുടെ ജോലി. അവരെ ഉണര്‍ത്തിയ ശേഷവും നിങ്ങള്‍ 'മോദി, മോദി' എന്ന് ആവര്‍ത്തിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഏകാധിപത്യമാണ് വേണ്ടതെന്നാണ്,' അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
