നാടുകടത്തല്‍, താരിഫ് യുദ്ധം; വാന്‍സുമായുള്ള കൂടിക്കാഴ്ചയില്‍ ഈ 5 വിഷയങ്ങള്‍ മോദി ഉയർത്തുമോ: ജയറാം രമേശ്
ഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ സന്ദർശനത്തിനായി ജെഡി വാൻസ് നാളെ ഡല്‍ഹിയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും വാന്‍സിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും. ട്രംപ് ഉയർത്തിവിട്ട താരിഫ് യുദ്ധ ഭീഷണി ഇന്ത്യക്ക് ഉള്‍പ്പെടെ വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയുടെ ഉന്നതതല പ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്തുന്നത്.

ഇരുവരുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ താരിഫ് വിഷയം ഉന്നയിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇതിനോടകം രംഗത്ത് വന്ന് കഴിഞ്ഞു. അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും നേരിടുന്ന ഭയത്തിന്റെ അന്തരീക്ഷവും നാടുകടത്തലും സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ കൂടക്കാഴ്ചയില്‍ മോദി ഉന്നയിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. 'നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്. ഈ വിഷയം നിങ്ങള്‍ ചർച്ചയിൽ ഉൾപ്പെടുത്തുമോ' ജയറാം രമേശ് എക്സിൽ കുറിച്ചു.
ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ, പ്രത്യേകിച്ച് ലഡാക്കിലെ ഡൗലറ്റ് ബെഗ് ഓൾഡി, ഡെപ്സാങ് മേഖലകളിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി സംസാരിക്കുമോ എന്നും കോൺഗ്രസ് നേതാവ് ചോദിക്കുന്നു. യുഎസ്-ഇന്ത്യ വ്യാപാര കരാറിന്റെ പുരോഗതിയെക്കുറിച്ചും കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. 2030-ഓടെ 500 ബില്യൺ ഡോളറിന്റെ ദ്വിമുഖ വ്യാപാര ലക്ഷ്യം നേടുന്നതിനുള്ള വെല്ലുവിളികൾ പരിഹരിക്കുന്നത് ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെക്കുന്നു.
ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങൾ, പ്രത്യേകിച്ച് 2070-ലെ നെറ്റ്-സീറോ പ്ലെഡ്ജും 500 ഗിഗാവാട്ട് നോൺ-ഫോസിൽ ഊർജവും, യുഎസിന്റെ പിന്തുണയോടെ എങ്ങനെ നേടാമെന്നതിനെക്കുറിച്ചും മോദി സംസാരിക്കുമോ എന്നാണ് ജയറാം രമേശിന്റെ അടുത്ത ചോദ്യം. 2025 ഫെബ്രുവരിയിൽ പാരിസിൽ നടന്ന മോദി-വാൻസ് കൂടിക്കാഴ്ചയിൽ, യുഎസ് ന്യൂക്ലിയർ സാങ്കേതികവിദ്യയിലൂടെ ഇന്ത്യയുടെ ഊർജ വൈവിധ്യവൽക്കരണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കില്‍ ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആഭ്യന്തര-വിദേശനയ ആശങ്കകൾക്ക് മുൻഗണന ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
അതേസമയം, വാൻസും കുടുംബവും നാല് ദിവസം ഇന്ത്യയിൽ തുടരും. ഡല്‍ഹിയില്‍ വിമാനം ഇറങ്ങുന്ന അമേരിക്കന്‍ വൈസ് പ്രസിഡൻ്റിനെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന വാന്‍സ് ഡൽഹിക്ക് പുറമെ ജയ്പുർ, ആഗ്ര എന്നിവിടങ്ങളും സന്ദർശിക്കും. ഡൽഹിയിലെ ഐടിസി മയൂര്യ ഷെറാട്ടൺ ഹോട്ടലില്‍ തങ്ങുന്ന വാന്‍സും കുടുംബവും സ്വാമിനാരായണ അക്ഷർധാം ക്ഷേത്രവും സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications