ചോദ്യത്തിന് കോഴ ആരോപണം ; അദാനിക്കെതിരെ സംസാരിച്ചവരെ ശത്രുക്കളാക്കി മാറ്റുന്നുവെന്ന് കോൺഗ്രസ്
ന്യൂഡൽഹി : പ്രധാനമന്ത്രിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയുമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനായി എം.പി മഹുവ മൊയ്ത്ര വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയ കേസിൽ പുതിയ വഴിത്തിരിവുകൾ. മഹുവ മൊയ്ത്രയെ നേരിട്ട് വിളിച്ച് മൊഴിയെടുക്കുന്ന സംബന്ധിച്ച തീരുമാനം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച അറിയിക്കും.
ഇതു സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രതികരിച്ചിട്ടില്ല. ഇന്നലെ മൊയ്ത്രയുടെ ലോക്സഭാ ലോഗിൻ ഉപയോഗിച്ചുവെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളടങ്ങിയ സത്യവാങ്മൂലം ദർശൻ ഹിരാനന്ദാനി പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ചിരുന്നു. എന്നാൽ ഈ സത്യവാങ്മൂലം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എഴുതിയുണ്ടാക്കിയതെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. ഇതിനു പിന്നാലെ ഇന്ത്യൻ കോൺസുലേറ്റ് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതിന്റെ തെളിവ് പുറത്തു വന്നു.

നിഷികാന്ത് ദുബേയുടെ പരാതിയും ഹിരാനന്ദാനിയുടെ സത്യവാങ്മൂലവും ചേർത്താകും ലോക്സഭാ എത്തിക്സ്കമ്മറ്റി പരിശോധിക്കുക. അതേ സമയം വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ ആരോപണം മൊയ്ത്രയുടെ അഭിഭാഷകൻ ശാർദുൽ ഷ്റോഫ് നിഷേധിച്ചു. എന്നാൽ അദാനിക്കെതിരെ ആരോപണമുന്നയിക്കാൻ മഹുവയെ ഷാർദുൽ ഷ്റോഫും ഭാര്യ പല്ലവി ഷ്റോഫും സഹായിച്ചതായി ഹിരാനന്ദാനി ആരോപിച്ചു.
അതേ സമയം വിഷയത്തിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. അദാനിക്കെതിരെ ആര് സംസാരിച്ചാലും അവരെ രാജ്യത്തിന്റെ ശത്രുക്കളാക്കി മാറ്റുകയാണ്. ഇതിന്റെ ഭാഗമായിരുന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നടന്ന നീക്കവുമെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
അദാനിക്കെതിരായുള്ള ചോദ്യങ്ങൾ ചോദിക്കാൻ പണവും മറ്റ് ആഡംബര വസ്തുക്കളും ചോദിച്ചു, യാത്ര ചെലവിനായും ആഡംബര ഹോട്ടലുകളിലെ താമസത്തിനായും പണം ചോദിച്ചു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രക്ക് എതിരെ ഉള്ളത്. ചോദ്യങ്ങൾ ചോദിക്കാനായി എം പി മഹുവ മൊയ്ത്രയുടെ ലോഗിൻ ഐഡിയും പാസ്വേർഡും തനിക്ക് നൽകിയെന്ന് ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
മഹുവ മൊയ്ത്രയ്ക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടാൻ താൽപര്യമുണ്ടായിരുന്നുവെന്നും ഇതിനുള്ള എളുപ്പ വഴിയായാണ് അദാനിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കൻ ശ്രമിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അദാനിയുടെ വിഷയം വച്ച് പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിന് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അവർ ആശയവിനിമയം നടത്തിയിരുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.












Click it and Unblock the Notifications