വോട്ടെണ്ണാന്‍ മണിക്കൂറുകള്‍; ഹെലികോപ്റ്ററും വിമാനവുമായി കോണ്‍ഗ്രസ്, ബാഗേലിന് ചുമതല
ഡെറാഡൂണ്‍: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ വന്‍ ഒരുക്കങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ബിജെപിയും ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസും കരുതുന്നു. എങ്കിലും രണ്ടു പാര്‍ട്ടികള്‍ക്കും ആധി ഒഴിയുന്നില്ല. ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ ശക്തമായ നീക്കങ്ങള്‍ പ്രതീക്ഷാമെന്ന മട്ടിലാണ് കാര്യങ്ങള്‍.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ഉത്തരാഖണ്ഡിന്റെ പ്രത്യേക ചുമതല നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ജയിക്കുന്ന ഒരു എംഎല്‍എ പോലും കളംമാറുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് അദ്ദേഹത്തിന് നല്‍കിയ നിര്‍ദേശം. ജയിക്കുന്ന ഓരോ സ്ഥാനാര്‍ഥികളും ഫലം വന്ന ഉടനെ തലസ്ഥാനമായ ഡെറാഡൂണിലേക്ക് എത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ യാത്രയ്ക്കാണ് ഹെലികോപ്റ്ററുകള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ജയിക്കുന്ന എംഎല്‍എമാരെ ഡെറാഡൂണില്‍ എത്തിച്ച ശേഷം റായ്പൂരിലേക്ക് കൊണ്ടുപോകും. ഇതിന് വേണ്ടി പ്രത്യേക വിമാനവും ഏര്‍പ്പാടാക്കി.

തൂക്കുസഭ വന്നാല്‍ പ്രാദേശിക കക്ഷികളെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താനുള്ള ശ്രമവും കോണ്‍ഗ്രസ് തുടങ്ങി. രാജ്യസഭാംഗം ദീപീന്ദര്‍ സിങ് ഹൂഡയ്ക്കാണ് ഇതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഡെറാഡൂണിലെത്തിയിട്ടുണ്ട്. ബാഗേലും ഹൂഡയുമാണ് സംസ്ഥാനത്ത് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 36 സീറ്റ് നേടുന്ന കക്ഷിക്ക് ഭരണം നടത്താന്‍ സാധിക്കും. കഴിഞ്ഞ തവണ ബിജെപിക്ക് 50ലവധികം സീറ്റുകള്‍ ലഭിച്ചിരുന്നു.
അതേസമയം, ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കേണ്ടെന്നും വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറയുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഈ സാഹചര്യത്തിലുള്ള അടിവലികള്‍ ഒഴിവാക്കാനാണ് ജയിക്കുന്നവരെ റായ്പൂരിലേക്ക് മാറ്റുന്നത്. റായ്പൂരില്‍ വച്ച് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ധാരണയായ ശേഷം മാത്രമേ എല്ലാവരെയും ഡെറാഡൂണില്‍ തിരിച്ചെത്തിക്കൂ. ആഭ്യന്തര തര്‍ക്കം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നിയമിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.












Click it and Unblock the Notifications