രാഹുൽ ഗാന്ധിക്ക് പിന്തുണ, ദില്ലിയിൽ പോലീസ് വിലക്ക് മറികടന്ന് കോൺഗ്രസ് പ്രതിഷേധം, നേതാക്കൾ കസ്റ്റഡിയിൽ
ദില്ലി: അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ദില്ലിയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. പോലീസ് വിലക്ക് മറികടന്നാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം പങ്കെടുത്ത് കൊണ്ടുളള കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹരീഷ് റാവത്ത്, ജെബി മേത്തര്‍ അടക്കമുളള നേതാക്കള്‍ കസ്റ്റഡിയിലാണ്. ജയറാം രമേഷും രാജ്‌മോഹന്‍ ഉണ്ണിത്താനും അധിര്‍ രഞ്ജന്‍ ചൗധരിയും അടക്കമുളളവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ചെങ്കോട്ടയില്‍ വൈകിട്ട് 7 മണിക്ക് ആയിരുന്നു കോണ്‍ഗ്രസ് ജനാധിപത്യ സംരക്ഷണമെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തിരുന്നത്. ചാന്ദിനി ചൗക്കിലേക്ക് പന്തം കൊളുത്തി പ്രകടനം ആയിരുന്നു തീരുമാനം. എന്നാല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുമെന്നും സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ദില്ലി പോലീസ് കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. 7 മണിയോടെ നിരവധി പ്രവര്‍ത്തകര്‍ ചെങ്കോട്ട പരിസരത്തെത്തി. നേതാക്കളെ അടക്കം വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്.

കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ട പരിസരത്ത് ദില്ലി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വലിയ സംഘം പോലീസ് ആണ് ചെങ്കോട്ട പരിസരത്ത് നിലയുറപ്പിച്ചിരുന്നത്. 144 ലംഘിച്ചതോടെ പ്രവര്‍ത്തകരും നേതാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനെ പോലീസ് കയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
സത്യത്തേയും സത്യാഗ്രഹത്തേയും ഏകാധിപതി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ സമാധാനപരമായ മാര്‍ച്ചിനെ തടയാന്‍ വലിയൊരു സംഘം പോലീസിനെ ആണ് ചെങ്കോട്ട പരിസരത്ത് നിയോഗിച്ചത്. ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുക്കുകയാണ് എന്നും കോണ്‍ഗ്രസ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഒരു മാസം നീണ്ട പ്രക്ഷോഭമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഏപ്രില്‍ 15 മുതല്‍ 30 വരെ കോണ്‍ഗ്രസ് ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഇന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എംപിമാര്‍ കരിങ്കൊടി വീശുകയും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് കീറിയെറിയുകയും ചെയ്തു.












Click it and Unblock the Notifications