ട്രബിൾ ഷൂട്ടർ ഡികെ ശിവകുമാറിനെ കളത്തിലിറക്കി കോൺഗ്രസ്; ഗോവയിൽ നിർണായക കരുനീക്കങ്ങൾ
പനാജി; ഗോവ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി രണ്ട് ദിവസമാണ് ശേഷിക്കുന്നത്. 2017 ന് സമാനമായി ഇത്തവണയും സംസ്ഥാനത്ത് തൂക്കുസഭയുണ്ടാകുമെന്ന പ്രവചനങ്ങളാണ് എക്സിറ്റ് പോൾ സർവ്വേകൾ നടത്തിയത്. ഇതോടെ ഫലം വന്നതിന് തൊട്ട് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാനത്ത് കോൺഗ്രസ്. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പേരു കേട്ട കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ തന്നെ ഗോവയിൽ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.

2017 ൽ ഗോവയിൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 40 അംഗ നിയമസഭയിൽ 17 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇതോടെ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിച്ചേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളുമായി അപ്രതീക്ഷിത സഖ്യമുണ്ടാക്കി ബി ജെ പി ഭരണം പിടിച്ചു. അന്ന് ഗോവ ഫോർവേഡ് പാർട്ടിയും മഹാരാഷ്ട്ര ഗോമന്ത് പാർട്ടിയുമായി ബി ജെ പിയെ പിന്തുണച്ചത്.

ഇത്തവണയും ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ തൊടാനാകില്ലെന്നാണ് എക്സിറ്റ് പോൾ സർവ്വേകൾ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരു മുഴം മുന്നേ എറിഞ്ഞ് സാഹചര്യങ്ങൾ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ എം എൽ എമാരെ കടത്താൻ ബി ജെ പി ശ്രമിക്കുന്ന ആശങ്കയും കോൺഗ്രസ് ക്യാമ്പിലുണ്ട്. ഇതോടെയാണ് റിസോർട്ട് ഡികെ ശിവകുമാറിനെ തന്നെ കോൺഗ്രസ് ഗോവയിൽ രംഗത്തിറക്കിയത്. അടുത്ത മൂന്ന് ദിവസം ഡി കെ ശിവകുമാർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.

കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ട്രബിൾ ഷൂട്ടറാണ് ഡി കെ ശിവകുമാർ.
അദ്ദേഹത്തിനെ സംബന്ധിച്ച് റിസോർട്ട് രാഷ്ട്രീയം എന്നത് പുതിയ കാര്യമല്ല. 2017 ൽ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് കാലത്താണ് ഡികെ കോൺഗ്രസിന് ക്രൈസിസ് മാനേജറായത്. അ്ന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ബി ജെ പി ശ്രമം നടത്തി. എന്നാൽ കോൺഗ്രസ് എം എൽ എമാരെ രായ്ക്ക് രാമാനം ബെംഗളൂരുവിലേക്ക് കടത്തി റിസോർട്ടിൽ പാർപ്പിച്ചായിരുന്നു ഡി കെ ബി ജെ പി നീക്കത്തെ ചെറുത്തത്.

2019 ൽ കർണാടകത്തിൽ കോൺഗ്രസ് -ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബി ജെ പി നടത്തിയ ശ്രമങ്ങളേയും ഡി കെ പ്രതിരോധിച്ചിരുന്നു. അന്നും എം എൽ എമാരെ ഡികെ റിസോർട്ടിലേക്ക് മാറ്റിയായിരുന്നു ബി ജെ പി നീക്കത്തിന് മറുപടി നൽകിയത്. ഡികെയുള്ള തന്ത്രങ്ങൾ ഗോവയിൽ തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

അതേസമയം ഗോവയില്‍ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് അധികാരം നേടുമെന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. പാർട്ടി നേതാക്കളെ സഹായിക്കുന്നതിനാണ് തന്നോട് ഗോവയിലേക്കെത്താൻ ആവശ്യപ്പെട്ടതെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഇതേസമയം തിരിച്ചടി സാധ്യതകൾ മുന്നിൽ കണ്ട് ബി ജെ പി ക്യാമ്പും തന്ത്രങ്ങൾ മെനുകയാണ്.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യുമായും ചില സ്വതന്ത്രരുമായും ബി ജെ പി നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്. നിലവിൽ എം ജി പി തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. ബി ജെ പിയുമായി വീണ്ടുമൊരു സഖ്യത്തിന് എം ജി പി തയ്യാറായേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എംജിപിക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തോട് താത്പര്യമില്ല. എന്തായാലും ഫലം വരുന്നതോടെ വലിയ രാഷ്ട്രീയ നാടകങ്ങൾക്കാകും ഗോവ വേദിയായേക്കുക.












Click it and Unblock the Notifications