കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍ വേണം, മാറ്റം ആവശ്യപ്പെട്ട് ജി23, രാഹുല്‍ പ്രതിരോധത്തില്‍
ദില്ലി: കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളില്‍ തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെ ജി23 ശക്താകുന്നു. ഗുലാം നബി ആസാദിന്റെ വീട്ടില്‍ ഇന്ന് ജി23 നേതാക്കള്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. സോണിയാ ഗാന്ധി മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ജി23. പുതിയ അധ്യക്ഷനെ എത്രയും വേഗം കൊണ്ടുവരണമെനനാണ് ആവശ്യം. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ജി23 ആവശ്യപ്പെട്ടു. അഞ്ചിടത്തും തോറ്റതോടെ കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിനുള്ള സ്വാധീനം കുറഞ്ഞിരിക്കുകയാണ്. അടിമുടി മാറ്റമാണ് നേതാക്കള്‍ നിര്‍ദേശിക്കുന്നത്. ആസാദിന്റെ ദില്ലിയിലെ വസതിയിലായിരുന്നു വിമത ഗ്രൂപ്പിന്റെ കൂടിച്ചേരല്‍. ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി അടക്കമുള്ളവര്‍ യോഗത്തിനെത്തിയിരുന്നു.

ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും പകരം അശോക് ഗെലോട്ടോ, മല്ലികാര്‍ജുന്‍ ഗാര്‍ഗെയോ നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഇതിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയേണ്ടി വരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജിവെക്കണമെന്ന ആവശ്യവും ജി23 നേതാക്കള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തോല്‍വികള്‍ക്ക് പിന്നിലെല്ലാം വേണുഗോപാലിനും പങ്കുണ്ടെന്ന ആരോപണം ദീര്‍ഘകാലമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരാതിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായത് കൊണ്ട് വേണുഗോപാലിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിരുന്നില്ല.
കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ജി23 സംഘം ഇടഞ്ഞ് നില്‍ക്കുകയാണ്. സോണിയാ ഗാന്ധിയോടോ ഗാന്ധി കുടുംബത്തോടോ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയാണ്. നേതൃമാറ്റം അടക്കം മുന്‍ ആവശ്യങ്ങള്‍ വീണ്ടും ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ നീക്കം. കോണ്‍ഗ്രസ് തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ജി23 നേതാക്കളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഉടന്‍ തന്നെ വര്‍ക്കിംഗ് കമ്മിറ്റി ചേരാന്‍ തീരുമാനിച്ചത്. തോല്‍വികള്‍ക്ക് ശേഷം ഒരു സമിതിയെ നിയോഗിക്കുകയും, അവരുടെ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കുകയും ചെയ്യുന്ന പതിവ് ആവര്‍ത്തിക്കുക മാത്രമാണ് സംഭവിക്കാറുള്ളതെന്ന് പരാതിയുണ്ട്.
കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന വാദം ശക്തമാണ്. രാഹുല്‍ ഗാന്ധി ഇതിനായി ഒന്നും ചെയ്യുന്നില്ലെന്ന് ശക്തമായ പരാതിയുണ്ട്. പാര്‍ട്ടിയുടെ അടിത്തിട്ടില്‍ ആളുമില്ല, പ്രവര്‍ത്തനവുമില്ലെന്ന അവസ്ഥയാണ്. തലയെടുപ്പുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ദേശീയ നേതൃത്വത്തിന് സാധിക്കുന്നത് എന്നാണ് കുറ്റപ്പെടുത്തല്‍. പാര്‍ട്ടി വിട്ട് പോകുന്നവരെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, എന്നാല്‍ എന്താണ് തോല്‍വിക്ക് കാരണം എന്ന് പരിശോധിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നാണ് പരാതി. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ഭൂരിപക്ഷമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ്. സഖ്യമായി ഭരണത്തിലുള്ളത് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്.












Click it and Unblock the Notifications