സ്വയം വിമര്‍ശനവുമായി സോണിയയും പ്രധാനമന്ത്രിയും
ദില്ലി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മന്‍മോഹന്‍സിംഗും സ്വയം വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ നേതാക്കളോട് ജാഗരൂകയായിരിക്കാന്‍ ആവശ്യപ്പെട്ടത്.
ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തതില്‍ തനിക്കുള്ള അതൃപ്തി മന്‍മോഹന്‍ സിംഗ് പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കാവൂ എന്നാണ് മന്‍മോഹന്‍ സിംഗ് ഇതേക്കുറിച്ച് പറഞ്ഞത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ തോന്നിയതെല്ലാം പറയാന്‍ തങ്ങള്‍ക്ക് പറ്റില്ലെന്നും സിംഗ് പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

അച്ചടക്കമില്ലായ്മയാണ് നാല് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിക്ക് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. അച്ചടക്കത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പാര്‍ട്ടിയുടെ നയങ്ങള്‍ വേണ്ട പോലെ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പദ്ധതികള്‍ വേണ്ടപോലെ ജനങ്ങളിലെത്തിയിരുന്നെങ്കില്‍ ജനവിധി മറ്റൊന്നായേനെ.
എന്നാല്‍ പരാജയത്തില്‍ തളര്‍ന്നുപോകരുതെന്ന് സോണിയാഗാന്ധിയും മന്‍മോഹന്‍ സിംഗും ഒരേപോലെ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഒരുപാട് വിജയങ്ങളും തോല്‍വികളും കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തോല്‍വികളില്‍ നിന്നും തിരിച്ചുവരാനുള്ള കഴിവ് ഈ പാര്‍ട്ടിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ഇരുവരും പറഞ്ഞു.


Click it and Unblock the Notifications