മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും കൊമ്പുകോര്‍ക്കുന്നു;സ്വതന്ത്രനെ ബിജെപി 'പൊക്കി'യെന്ന് കോണ്‍ഗ്രസ്
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതായതോടെ തര്‍ക്കം മൂക്കുന്നു. മണിപ്പൂരില്‍ സ്വതന്ത്രനായ മത്സരിച്ച എംഎല്‍എയെ ബിജെപിക്കാര്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് എസ് സുര്‍ജേവാലയാണ് ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഇതിന് വേണ്ടി സിഐഎസ്എഫിനെയും വിമാനത്താവള അധികൃതരെയും ഉപയോഗിച്ച് പാര്‍ട്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും സുര്‍ജേവാല ട്വീറ്റില്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്‍ നാസിറിനൊപ്പം ഗുവാഹത്തിയില്‍ നിന്നും മണിപ്പൂരിലെത്തിയ സ്വതന്ത്ര എംഎല്‍എ അസബുദ്ദീനെ തട്ടിക്കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് വക്താവിന്റെ ആരോപണം. ഇംഫാല്‍ വിമാനത്താവളത്തില്‍ പിടികൂടിയ ഇദ്ദേഹത്തെ സിഐഎസ്എഫ് ഇംഫാലില്‍ വച്ച് ബിജെപി സംഘത്തിന് കൈമാറിയെന്നും പിന്നീട് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോയെന്നും കോണ്‍ഗ്രസ് ആരോപിയ്ക്കുന്നു.

ഒറ്റപാര്‍ട്ടിയ്ക്കും സമ്പൂര്‍ണ്ണ ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെ തൂക്കുമന്ത്രിസഭ നിലവില്‍ വന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളും നെട്ടോട്ടമോടുന്നത്. മണിപ്പൂരില്‍ കഴിഞ്ഞ 15 വര്‍ഷമായി അധികാരം കയ്യാളിവന്ന കോണ്‍ഗ്രസ് 28 സീറ്റ് നേടിയിരുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് 15 സീറ്റ് നേടിയ ബിജെപി മണിപ്പൂരില്‍ ഭരണം പിടിയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വിവിധ കക്ഷികളുമായി ബിജെപി ചര്‍ച്ച നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications