സച്ചിനോട് കോണ്‍ഗ്രസ് വക്താവ്; പറ്റില്ലെങ്കില്‍ എംപിയായത് എന്തിന്?
ദില്ലി: പാര്‍ലമെന്റില്‍ വരാന്‍ പോലും പറ്റില്ലെങ്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിന്നെ എന്തിനാണ് എം പിയായത് എന്ന് കോണ്‍ഗ്രസ് വക്താവും ബി സി സി ഐ വൈസ് പ്രസിഡണ്ടുമായ രാജീവ് ശുക്ല. കഴിഞ്ഞ ആഴ്ചയും സച്ചിനോട് രാജ്യസഭയില്‍ സ്ഥിരമായി വരാന്‍ വേണ്ടി പറഞ്ഞതാണെന്നും സച്ചിന്‍ അത് സമ്മതിച്ചതാണെന്നും ശുക്ല പറഞ്ഞു. സിനിമാ നടി രേഖയെയും ശുക്ല ഇതേ കാരണത്തില്‍ വിമര്‍ശിച്ചു.
പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ വട്ടപ്പൂജ്യം പ്രകടനം നടത്തുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ഇതാദ്യമായാണ് കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് പരസ്യമായി വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് ശുക്ല എന്നതാണ് ഏറെ പ്രധാനം. അഞ്ച് ശതമാനം മാത്രമാണ് സഭയില്‍ സച്ചിന്റെ ഹാജര്‍നില.

രാജ്യസഭയില്‍ വെറും രണ്ടേ രണ്ട് പ്രാവശ്യം വരുകയും ഒരൊറ്റ ചോദ്യം പോലും ചോദിക്കാതിരിക്കുകയും ചെയ്ത സച്ചിന്‍ എം പി എന്ന നിലയില്‍ ഏറെ പഴികേട്ടുകഴിഞ്ഞു. എം പി ഫണ്ടില്‍ നിന്നും ഒരു രൂപ പോലും സച്ചിന്‍ ഇത് വരെ ചെലവഴിച്ചിട്ടില്ല. ഇന്ത്യയുടെ എക്കാലത്തെയും വലിയ ക്രിക്കറ്റ് താരമാണെങ്കിലും രാജ്യസഭയില്‍ സച്ചിന്‍ തികഞ്ഞ പരാജയമാണ്. ചലച്ചിത്ര നടി രേഖയുടെ കാര്യവും വ്യത്യസ്തമല്ല.
എന്നാല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പേ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ തന്നെയാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് എന്നതാണ് ഇതിലെ രസകരമായ കാര്യം. കഴിഞ്ഞ നവംബറില്‍ മാത്രമാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ആരാധകരുടെ വോട്ട് ലക്ഷ്യം വെച്ച് സച്ചിനെ എം പിയാക്കുകയും ഭാരതരത്‌നം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് സച്ചിനെ തള്ളിപ്പറയുകയാണോ?












Click it and Unblock the Notifications