ഹരിയാനയിൽ വീണ്ടും കോൺഗ്രസിന് തിരിച്ചടി, മേയർ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി
ന്യൂ ഡല്‍ഹി: ഹരിയാനയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി. 10 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍ പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ 9ലും ബിജെപി വിജയിച്ചപ്പോള്‍ ബാക്കിയുളള ഒന്നില്‍ പോലും ജയിക്കാനാവാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ തട്ടകമായ റോത്തകില്‍ അടക്കമാണ് ഭരണകക്ഷിയായ ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയുളള ഈ നേട്ടം ബിജെപിക്ക് ഇരട്ടി മധുരമായി. അംബാല, ഗുരുഗ്രാം, സോണിപത്, റോത്തക്, കര്‍ണാല്‍, ഫരീദാബാദ്, പാനിപത്ത്, ഹിസാര്‍, യമുനാനഗര്‍ എന്നിവിടങ്ങളിലാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മനേസറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇന്ദ്രജീത് യാദവ് ബിജെപിയുടെ സുന്ദര്‍ ലാലിനെ പരാജയപ്പെടുത്തി.

അംബാലയില്‍ ബിജെപിയുടെ ഷൈലജ സച്ച്‌ദേവ കോണ്‍ഗ്രസിന്റെ അമിഷ ചാവ്‌ളയെ 20,487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഗുരുഗ്രാം മേയര്‍ സീറ്റില്‍ ബിജെപിയുടെ രാജ രാണി 1,79485 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോണിപത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാജീവ് ജെയ്ന്‍ കോണ്‍ഗ്രസിന്റെ കോമള്‍ ദീവാനെ പരാജയപ്പെടുത്തി മേയര്‍ പദവി ഉറപ്പിച്ചു.
കര്‍ണാല്‍ സീറ്റില്‍ ബിജെപിയുടെ രേണു ബാല ഗുപ്ത കോണ്‍ഗ്രസിന്റെ മനോജ് വാധ്വയെ ആണ് തോല്‍പ്പിച്ചത്. കോണ്‍ഗ്രസിന് ഏറ്റവും വലിയ നാണക്കേടായത് റോത്തകിലെ തോല്‍വിയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥായിയ സുരാജ്മല്‍ കിലോയിയെ ബിജെപിയുടെ രാം അവ്താര്‍ ആണ് പരാജയപ്പെടുത്തിയത്. ഫരീദാബാദില്‍ ബിജെപിയുടെ പര്‍വീണ്‍ ജോഷിയോട് കോണ്‍ഗ്രസിന്റെ ലതാ റാണി തോല്‍വി ഏറ്റുവാങ്ങി.
ഹിസാര്‍ മേയര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൃഷന്‍ സിംഗ്ല ബിജെപിയുടെ പ്രവീണ്‍ പോപ്ലിയോട് തോറ്റു. പാനിപത്തില്‍ ബിജെപിയുടെ കോമള്‍ സൈനി കോണ്‍ഗ്രസിന്റെ സനിതാ ഗാര്‍ഗിനെ തോല്‍പ്പിച്ചു. യമുനാ നഗറില്‍ ബിജെപിയുടെ സുമന്‍ കോണ്‍ഗ്രസിന്റെ കിര്‍ന ദേവിയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് സംസ്ഥാനത്ത് ആദ്യമായി മേയര്‍ തിരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തിലാണ് മത്സരിച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുളള നന്ദി വോട്ടര്‍മാരെ അറിയിക്കുന്നുവെന്ന് ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് കൊണ്ട് ഹരിയാന മുഖ്യമന്ത്രി നായാബ് സിംഗ് സൈനി പറഞ്ഞു. ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരിനുളള അംഗീകാരമാണ് ജനം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ തങ്ങളുടെ തദ്ദേശ ഭരണകൂടവും ഈ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരും നിര്‍ണായക പങ്ക് വഹിക്കുമെന്നും സൈനി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ കാര്യമായി ബാധിക്കില്ല എന്നാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പ്രതികരണം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ നേരത്തെയും ബിജെപി തന്നെയാണ് വിജയിച്ചിട്ടുളളത് എന്നും ഹൂഡ പറഞ്ഞു.












Click it and Unblock the Notifications